asha-mandela

2009ൽ ലോകത്തിൽ ഏറ്റവും നീളമുള്ള മുടിക്കുള്ള ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ അറുപതുകാരി ഇപ്പോഴും തന്റെ മുടി വളർത്തി അടുത്ത റെക്കോർഡ് സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. ഫ്ളോറിഡയിലെ ക്ളെർമോന്റ് സ്വദേശിയായ ആശ മണ്ടേലയാണ് ഇതുവരെ ആരും തകർക്കാത്ത റെക്കോർഡിന്റെ ഉടമ.

2009ൽ റെക്കോർഡ് ലഭിക്കുമ്പോൾ 5.96 മീറ്റർ ആയിരുന്നു ആശയുടെ മുടിയുടെ നീളം. 33.5 മീറ്റർ (110 അടി)യാണ് നിലവിലെ നീളം. 40 വർഷം മുൻപ് ട്രിനിദാദ് ടൊബാഗോ ദ്വീപിൽ നിന്ന് ന്യൂയോർക്കിലേക്ക് താമസം മാറുമ്പോഴാണ് ആശ മുടി വളർത്തി തുടങ്ങിയത്. 19 കിലോയാണ് മുടിയുടെ ഇപ്പോഴത്തെ ഭാരം. മുടികളിലെ രാജ്ഞിയെന്നും കോബ്രയെന്നുമാണ് ആശ തന്റെ മുടിയെ വിശേഷിപ്പിക്കുന്നത്. ഉറങ്ങാൻ നേരത്ത് മുടി ചാക്കിലാക്കി കെട്ടിവയ്കുമെന്ന് ആശ പറയുന്നു.

ഹെയർ സ്റ്റൈലിസ്റ്റായ ഭർത്താവ് ഇമ്മാനുവേൽ ചെഗെയാണ് ആശയുടെ മുടിയുടെ സംരക്ഷണവും സ്റ്റൈലിംഗും ഏറ്റെടുത്തിരിക്കുന്നത്. എളുപ്പത്തിൽ കഴുകുന്നതിനായി വിരലിന്റെ വലിപ്പത്തിൽ ചുരുട്ടിയാണ് മുടി സൂക്ഷിക്കുന്നത്. ആറ് ബോട്ടിൽ ഷാംപൂവാണ് ഒറ്റത്തവണ മുടി കഴുകാനായി ആവശ്യമായി വരുന്നത്. മുടി ഉണങ്ങിക്കിട്ടുന്നതിനായി രണ്ട് ദിവസവും വേണ്ടിവരും. തറയിൽ ഇഴയാതിരിക്കാനും കഴുത്തിന് ഭാരം തോന്നിപ്പിക്കാതിരിക്കാനുമായി മുടി തുണിയിൽ ചുറ്റി സൂക്ഷിക്കുകയാണ് ചെയ്യുന്നത്.