adani

 എ.സി.സി., അംബുജ സിമന്റ്‌സ് എന്നിവയ്ക്കായി ₹31,000 കോടിയുടെ ഓപ്പൺ ഓഫർ പ്രഖ്യാപിച്ചു

ന്യൂഡൽഹി: സ്വകാര്യമേഖലയിലെ പ്രമുഖ ദേശീയ മാദ്ധ്യമസ്ഥാപനമായ എൻ.ഡി.ടിവിയുടെ നിയന്ത്രണം സ്വന്തമാക്കാനുള്ള നീക്കങ്ങൾ തർക്കങ്ങളിൽ മുങ്ങിനിൽക്കേ, ബിസിനസ് വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായി രണ്ട് സിമന്റ് കമ്പനികളെയും ഏറ്റെടുക്കാനുള്ള ഓപ്പൺ ഓഫർ പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്.

സ്വിസ് സ്ഥാപനമായ ഹോൾസിം ലിമിറ്റഡിന് കീഴിലുള്ള ലിസ്‌റ്റഡ് ഇന്ത്യൻ കമ്പനികളായ എ.സി.സി., അംബുജ സിമന്റ്‌സ് എന്നിവയുടെ 26 ശതമാനം വീതം ഓഹരികൾ കൂടി ഏറ്റെടുക്കാനുള്ള 31,000 കോടി രൂപയുടെ ഓപ്പൺ ഓഫറാണ് പ്രഖ്യാപിച്ചത്. ഇതിന് സെബിയുടെ അനുമതിയും ലഭിച്ചു.

അംബുജ സിമന്റ്‌സ് ഓഹരിയൊന്നിന് 385 രൂപ നിരക്കിലും എ.സി.സിയുടേത് 2,300 രൂപനിരക്കിലുമാണ് ഏറ്റെടുക്കുക. ഹോൾസിമിന്റെ ഇന്ത്യയിലെ ബിസിനസും അവയുടെ നിയന്ത്രണാവകാശവും സ്വന്തമാക്കാനായി കഴിഞ്ഞ മേയ് 15ന് അദാനി ഗ്രൂപ്പ് 1,050 കോടി ഡോളറിന്റെ (ഏകദേശം 84,000 കോടി രൂപ) കരാറിലെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സെബിയുടെ ചട്ടപ്രകാരമുള്ള ഓപ്പൺ ഓഫർ. ഇതോടെ അംബുജ സിമന്റ്‌സിന്റെ 63.1 ശതമാനവും എ.സി.സിയുടെ 54.53 ശതമാനവും ഓഹരികൾ അദാനിയുടെ സ്വന്തമാകും.

അംബുജയ്ക്കും എ.സി.സിക്കും സംയുക്ത വാർഷിക സിമന്റ് ഉത്പാദനശേഷി 7 കോടി ടണ്ണാണ്. 23 പ്ളാന്റുകളും 14 ഗ്രൈൻഡിംഗ് സ്‌റ്റേഷനുകളും 80 റെഡി-മിക്‌സ് കോൺക്രീറ്റ് പ്ളാന്റുകളുമുണ്ട്. 50,000ലേറെ വിതരണശൃംഖലയും ഉള്ളതിനാൽ ഇന്ത്യൻ സിമന്റ് വിപണിയിലെ നിർണായക സാന്നിദ്ധ്യമായി അദാനി ഗ്രൂപ്പ് മാറും.

സാമ്രാജ്യം വിപുലമാക്കുക ലക്ഷ്യം

ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന് ഊർജം, തുറമുഖം, ലോജിസ്‌റ്റിക്‌സ്, വ്യോമയാനം, വ്യവസായപാർക്ക്, പ്രതിരോധം, അടിസ്ഥാനസൗകര്യ വികസനം, കാർഷികം, റിയൽ എസ്‌റ്റേറ്റ്,​ ധനകാര്യമേഖലകളിൽ ശക്തമായ സാന്നിദ്ധ്യമുണ്ട്.

ഇതിനുപുറമേയാണ് എൻ.‌ഡി.ടിവിയെ സ്വന്തമാക്കി മാദ്ധ്യമരംഗത്തേക്കും കടക്കുന്നത്. എ.സി.സി.,​ അംബുജ എന്നിവയെ ഏറ്റെടുത്ത് സിമന്റ് വിപണിയിലേക്കും കടക്കുകയാണ് അദാനി.

എൻ.ഡി.ടിവി: തർക്കം

കോടതിയിലേക്ക്

ഓഹരി വാങ്ങാനും വിൽക്കാനും 2020 മുതൽ പ്രണോയ് റോയ്,​ രാധിക റോയ് എന്നിവർക്ക് വിലക്കുള്ള സാഹചര്യത്തിൽ എൻ.ഡി.ടിവി ഓഹരികൾ ഇവരിൽ നിന്ന് ഏറ്റെടുക്കാനാവില്ലെന്ന വാദം അദാനി ഗ്രൂപ്പ് തള്ളി. വിലക്കുള്ളത് പ്രണോയ്ക്കും രാധികയ്ക്കുമാണെന്നും എൻ.ഡി.ടിവിയുടെ ഓഹരികൾ കൈവശമുള്ള ആർ.ആർ.പി.ആറിനല്ലെന്നും അദാനി വ്യക്തമാക്കി. ആർ.ആർ.പി.ആർ വഴിയാണ് അദാനി ഗ്രൂപ്പ് എൻ.ഡി.ടിവി സ്വന്തമാക്കാൻ ശ്രമിക്കുന്നത്. അദാനിയുടെ നീക്കത്തിനെതിരെ പ്രണോയിയും രാധികയും കോടതിയെ സമീപിച്ചേക്കും.