spiritual

വിശ്വാസത്തിന്റെ ഭാഗമായി പലരും ചരടുകൾ ധരിക്കാറുണ്ട്. പല നിറത്തിലുള്ള ചരടുകൾ കൈയfലും കഴുത്തിലും അരയിലുമായി പൂജിച്ച് ധരിക്കാറുണ്ട്. എന്നാൽ ഓരോ നിറത്തിലുള്ള ചരടുകൾക്കും അതിന്റേതായ കാരണങ്ങളും പരിഹാരവും ഉണ്ട്. അതിനാൽ നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ നിറവും അതിന്റെ ഉപയോഗവും എന്തൊക്കെയെന്ന് നോക്കാം.

കറുപ്പ്

ദൃഷ്ടി ദോഷം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് കറുത്ത ചരട് ധരിക്കുന്നത്. ചെറിയ കുട്ടികളുടെ അരയിലും മുതിര്‍ന്നവരുടെ കൈത്തണ്ടയിലും ഇത് കെട്ടുന്നു. ചിലർ മാലയായി കെട്ടുന്നതും സാധാരണമാണ്. കറുത്ത ചരട് കെട്ടുന്നത് വഴി ദുരാത്മാവില്‍ നിന്നും അനാവശ്യമായ തന്ത്ര മന്ത്രത്തില്‍ നിന്നും നമ്മെ അകറ്റിനിര്‍ത്തുന്നു എന്നാണ് വിശ്വാസം.

ചുവപ്പ്

പൂജ നടത്തിയ ചുവന്ന ചരട് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ധരിക്കാം. ചുവന്ന നൂല്‍ സാധാരണയായി പുരുഷന്മാരുടെയും അവിവാഹിതരായ സ്ത്രീകളുടെയും വലതു കൈയിലാണ് കെട്ടുന്നത്. എന്നാൽ വിവാഹിതരായ സ്ത്രീകള്‍ ചുവന്ന ചരട് ഇടത് കൈയിൽ കെട്ടേണ്ടതുണ്ട്. ചുവന്ന ചരട് ദീര്‍ഘായുസിനും ശത്രുക്കളില്‍ നിന്നുള്ള സംരക്ഷണത്തിനും വേണ്ടിയാണ് ധരിക്കുന്നത്. ഇതിനെ ‘രക്ഷ ചരട്’ എന്നും വിളിക്കുന്നു.

മഞ്ഞ

ഹിന്ദു വിശ്വാസപ്രകാരം സ്ത്രീകൾ മംഗല്യ സൂത്രമായാണ് കഴുത്തില്‍ മഞ്ഞച്ചരട് ധരിക്കുന്നത്. വിവാഹത്തിനു മുമ്പ് മഞ്ഞ നിറത്തിലുള്ള ഈ ചരട് മഞ്ഞളില്‍ മുക്കി വയ്ക്കുന്നു. വിവാഹസമയത്ത് ഇത് ഭാഗ്യത്തിന്റെ പ്രതീകമായി ഉപയോഗിക്കുന്നു. ദാമ്പത്യജീവിതം സന്തോഷകരവും വിജയകരവുമാക്കുവാനാണ് മഞ്ഞച്ചരട് ധരിക്കുന്നത് എന്നാണ് വിശ്വാസം. കൂടാതെ ഭര്‍ത്താവിന്റെ ദീര്‍ഘായുസ് ഉറപ്പാക്കുക എന്നത് കൂടി മഞ്ഞച്ചരട് ധരിക്കുന്നതിന്റെ വിശ്വാസമാണ്.

ഓറഞ്ച്

ഓറഞ്ച് നിറത്തിലുള്ള ചരട് ധരിക്കുന്നതിലൂടെ പ്രശസ്തിയും ശക്തിയും കൊണ്ടുവരുമെന്നും എല്ലാ തിന്മകളില്‍ നിന്നും കാത്തുസൂക്ഷിക്കുമെന്നുമാണ് വിശ്വാസം. ഓറഞ്ച് നിറമുള്ള ചരടുകള്‍ തെക്ക്കിഴക്കേ ഇന്ത്യയിലാണ് കൂടുതൽ പ്രചാരത്തിലുള്ളത്.