dead-body

ഭോപ്പാൽ : ഭാര്യയുടെ മരണശേഷം ശവശരീരം കിടപ്പുമുറിയിൽ സംസ്‌കരിച്ച ഭർത്താവിനെതിരെ അയൽക്കാർ. ഓംകാർദാസ് മൊഗ്രെ എന്നയാളാണ് തന്റെ ഭാര്യ രുക്മണിയുടെ ശവം വീടിനുള്ളിൽ സംസ്‌കരിക്കാൻ തീരുമാനിച്ചത്. വീട്ടുകാർ എതിർപ്പുന്നയിച്ചെങ്കിലും ഓംകാർദാസ് വഴങ്ങിയില്ല. മദ്ധ്യപ്രദേശിലെ ഡിൻഡോരിയിലാണ് സംഭവം. വീടുനുള്ളിൽ ശവക്കല്ലറ പൂക്കൾ കൊണ്ട് അലങ്കരിച്ച് ആരാധനാലയമാക്കാനാണ് ഇയാൾ തീരുമാനിച്ചത്. ഇരുപത്തിയഞ്ച് വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് രുക്മണി അസുഖ ബാധിതയായി മരണപ്പെട്ടത്. അനീമിയ ബാധിച്ച് പത്ത് വർഷമായി ഇവർ ചികിത്സയിലായിരുന്നു. ദമ്പതികൾക്ക് കുട്ടികളില്ലായിരുന്നു. ഡിൻഡോറിയിലെ ബിർസമുണ്ട സ്റ്റേഡിയത്തിന് സമീപത്തായാണ് ഓംകാർദാസ് മൊഗ്രെയുടെ ഭവനം സ്ഥിതി ചെയ്യുന്നത്.

വീടിനുള്ളിൽ ശവമടക്കിയ സംഭവത്തിൽ പ്രകോപിതരായ അയൽവാസികൾ പരാതിയുമായി ആദ്യം പൊലീസിനെയാണ് സമീപിച്ചത്. എന്നാൽ പൊലീസ് സംഭവത്തിൽ ഇടപെടാൻ മടിച്ചു. ഇതേതുടർന്ന് പരാതിയുമായി കളക്ടറെ കാണുകയും, ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിൽ മൃതദേഹം വീട്ടിൽ നിന്നും എടുത്തുമാറ്റുകയുമായിരുന്നു.