raksha-bandhan

മിർസാപൂർ: തനിക്ക് രാഖി കെട്ടിയ ജൂനിയർ എൻജിനീയറെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ യുപിയിൽ കരാറുകാരൻ അറസ്റ്റിൽ. ജൽ നിഗമിൽ ജൂനിയർ എൻജിനീയറായി ജോലി ചെയ്യുന്ന സ്ത്രീയാണ് കരാറുകാരനെതിരെ പൊലീസിൽ പരാതി നൽകിയത്. ഉത്തർപ്രദേശിലെ മിർസാപൂരിൽ നിന്നുള്ള ജൂനിയർ എഞ്ചിനീയറെ വീട്ടിൽ കയറിയാണ് കരാറുകാരൻ പീഡിപ്പിക്കുവാൻ ശ്രമിച്ചത്. കത്ര കോട്വാലി മേഖലയിലാണ് സംഭവം.

ഓഗസ്റ്റ് 23 ന് അർദ്ധരാത്രിക്ക് ശേഷം ഭർത്താവ് ഇല്ലാത്ത സമയത്ത് കരാറുകാരൻ സുഹൈൽ ഖാൻ വനിതാ എഞ്ചിനീയറുടെ വാതിലിൽ മുട്ടിയെന്നും, വാതിൽ തുറന്നപ്പോൾ പ്രതി അകത്ത് കടന്ന് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നുമാണ് വനിതാ എഞ്ചിനീയറുടെ പരാതിയിൽ പറയുന്നത്. രക്ഷപ്പെടാൻ ഇരയായ യുവതി നിലവിളിക്കുകയും, എമർജൻസി നമ്പറായ 112ൽ വിളിക്കുകയുമായിരുന്നു. യുവതി രക്ഷാബന്ധൻ ദിനത്തിൽ ഇയാളുടെ കൈയിൽ രാഖി കെട്ടുകയും അതിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രതി യുവതിയെ സഹോദരി എന്നാണ് വിളിക്കാറുണ്ടായിരുന്നത്. എന്നാൽ ഇതേ ആൾ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ ഐപിസി 354 എ, 457 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. യുവതി നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.