
ന്യൂഡൽഹി: മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ കോൺഗ്രസിൽ നിന്നുള്ള രാജി പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. അര നൂറ്റാണ്ടിലേറെയായി നേതൃപദവിയിൽ ഉണ്ടായിരുന്ന ഗുലാം നബി ആസാദ് വിമത നീക്കത്തിനൊടുവിലാണ് പാർട്ടി വിട്ടത്.
ഇപ്പോഴിതാ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്കും വിരാമമിട്ടിരിക്കുകയാണ് ഗുലാം നബി ആസാദ്. ബി.ജെ.പിയിലേക്കില്ലെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജിക്ക് പിന്നാലെ ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഞാൻ ജമ്മു കാശ്മീരിലേക്ക് പോകും. സംസ്ഥാനത്ത് എന്റെ സ്വന്തം പാർട്ടി രൂപീകരിക്കും. ദേശീയ സാദ്ധ്യത പിന്നീട് പരിശോധിക്കും. എനിക്ക് മുഴുവൻ ഗാന്ധി കുടുംബത്തോടും വ്യക്തിപരമായി വലിയ ബഹുമാനമുണ്ട്. ഇവിടെ ഞാൻ വ്യക്തിപരമായ ബന്ധത്തെക്കുറിച്ചല്ല സംസാരിക്കുന്നത്. കോൺഗ്രസിന്റെ തകർച്ചയെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്'- ഗുലാം നബി ആസാദ് പറഞ്ഞു.
നേരത്തെ, ജമ്മു കാശ്മീർ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ സമിതി അദ്ധ്യക്ഷസ്ഥാനം ഗുലാം നബി ആസാദ് രാജി വച്ചിരുന്നു. ജമ്മു കാശ്മീരിലെ കോണ്‍ഗ്രസ് പ്രചാരണ സമിതി അദ്ധ്യക്ഷനായി ചുമതലപ്പെടുത്തി മണിക്കൂറുകള്‍ക്കകമായിരുന്നു രാജി. ആസാദിനെതിരെ പാർട്ടി നടപടിയെടുക്കുമെന്ന ചർച്ചകൾ സജീവമാകവെയാണ് പാർട്ടിയെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം കോൺഗ്രസ് വിട്ടത്.
ഏറെ നാളായി കോണ്‍ഗ്രസ് നേതൃത്വവുമായി ഭിന്നതയിലായിരുന്ന അദ്ദേഹം പാര്‍ട്ടിയുടെ പുനരുജ്ജീവനം ആവശ്യപ്പെട്ട് വിമത ശബ്ദം ഉയര്‍ത്തിയ 'ജി23' നേതാക്കളില്‍ പ്രധാനിയായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള അരനൂറ്റാണ്ട് പഴക്കമുള്ള ബന്ധം അവസാനിപ്പിക്കാൻ വേദനയോടെ തീരുമാനിച്ചുവെന്ന് കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ ആസാദ് കുറിച്ചു. രാജിക്കത്തിൽ രാഹുലിനെതിരെ രൂക്ഷവിമർശനമാണ് ആസാദ് ഉന്നയിച്ചത്.
'പാർട്ടിയിലെ കൂടിയാലോചന സംവിധാനത്തെ രാഹുൽ തകർത്തു. പാർട്ടിയിലിപ്പോൾ റിമോട്ട് കൺട്രോൾ ഭരണമാണ്. രാഹുലാണ് എല്ലാം തീരുമാനിക്കുന്നത്. പുതിയ ഉപജാപകവൃന്ദത്തെ സൃഷ്‌ടിച്ചു. അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരും പി.എയുമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. പരിചയസമ്പന്നരായ മുതിർന്ന നേതാക്കളെയെല്ലാം ഒതുക്കി. പക്വതയില്ലാത്ത പെരുമാറ്റമാണ് രാഹുലിന്റേത്. തിരിച്ചുവരാനാകാത്ത വിധം കോൺഗ്രസിനെ തകർത്തു. കോൺഗ്രസിന്റെ രാഷ്‌ട്രീയ ഇടം ബി.ജെ.പിക്ക് നൽകി'- ആസാദ് പറഞ്ഞു.
കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ ആസാദ് രണ്ടു തവണ ലോക്‌സഭയിലേക്കും അഞ്ചു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2014 മുതല്‍ 2021 വരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം ജമ്മു കാശ്മീരിലെ ദോഡ ജില്ലയിലുള്ള ഭലീസയിലാണ് ജനിച്ചത്.
മുൻ കേന്ദ്രമന്ത്രിയും ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയുമായിരുന്ന ഗുലാം നബി ആസാദ് മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച് സാമൂഹ്യ സേവനത്തില്‍ ശ്രദ്ധകൊടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം മുൻപ് പറഞ്ഞിരുന്നു.