
കോട്ടയം: പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സ്വകാര്യ ബസ് ജീവനക്കാരന് ക്രൂരമർദ്ദനം. എരുത്വാപുഴ സ്വദേശി അച്ചുവിനാണ് മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
ബസിലെ യാത്രക്കാരിയായിരുന്ന പെൺകുട്ടിയോട് ക്ളീനറായ അച്ചു അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് ഒരു യുവാവ് തിരക്കുള്ള റോഡിൽവച്ച് ക്രൂരമായി മർദ്ദിച്ചത്. ഇയാൾക്കൊപ്പം മറ്റൊരു യുവാവും ഉണ്ടായിരുന്നു. പരസ്യമായി തല്ലുകയും ബിയർകുപ്പികൊണ്ട് തലയിൽ അടിക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. യുവാവിന്റെ കഴുത്തിന് കുത്തിപ്പിടിക്കുന്നതും ഇടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ സമയം സംഭവസ്ഥലത്തുണ്ടായിരുന്ന ചില ഓട്ടോഡ്രൈവർമാർ യുവാക്കളെ പിടിച്ചുമാറ്റാനും ശ്രമിക്കുന്നുണ്ട്.
അക്രമം നടത്തിയ യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പരിക്കേറ്റ ബസ് ജീവനക്കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.