arrest

ന്യൂയോർക്ക് : യു.എസിൽ ഇന്ത്യൻ വംശജരായ നാല് സ്ത്രീകൾക്ക് നേരെ വംശീയാധിക്ഷേപം നടത്തിയ യുവതി അറസ്​റ്റിൽ. ടെക്സസ് സ്വദേശി എസ്‌മെറാൾഡ അപ്ടണാണ് അറസ്റ്റിലായത്.

ബുധനാഴ്ച രാത്രി ഡാലസിലെ ഒരു പാർക്കിംഗ് ഏരിയയിൽ വച്ച് നാല് ഇന്ത്യൻ വംശജരായ സ്ത്രീകളെ യുവതി മോശം വാക്കുകളാൽ അധിക്ഷേപിക്കുന്നതിന്റെയും കൈയേ​റ്റം ചെയ്യുന്നതിന്റെയും വീഡിയോ പുറത്തുവന്നു.

'എവിടെ നോക്കിയാലും ഇന്ത്യക്കാരാണ്. എല്ലാവരും മടങ്ങിപ്പോകണം. ഇന്ത്യയിലെ ജീവിതം വളരെ മികച്ചതാണെങ്കിൽ എന്തിനാണ് ഇവിടേക്ക് വരുന്നത്. ഞാൻ ഇന്ത്യക്കാരെ വെറുക്കുന്നു." യുവതി അസഭ്യ വർഷത്തോടൊപ്പം രോഷത്തോടെ പറയുന്നത് വീഡിയോയിൽ കാണാം.

അമേരിക്കയിൽ ജനിച്ച മെക്സിക്കൻ - അമേരിക്കൻ ആണ് താനെന്നും യുവതി പറയുന്നുണ്ട്. രോഷത്താൽ തങ്ങളെ കൈയേറ്റം ചെയ്ത യുവതിയുടെ കൈവശം തോക്കുണ്ടായിരുന്നെന്നും തങ്ങളെ വെടിവയ്ക്കുമെന്ന് പറഞ്ഞെന്നും സ്ത്രീകൾ പറയുന്നു.

അധിക്ഷേപം നേരിട്ട സ്ത്രീകളിൽ ഒരാളുടെ മകനാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഡാലസിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ പോയപ്പോഴായിരുന്നു മാതാവിനും മൂന്ന് സുഹൃത്തുക്കൾക്കും അധിക്ഷേപം നേരിടേണ്ടി വന്നതെന്ന് ഇയാൾ പറയുന്നു.