pak

കറാച്ചി : കനത്ത മഴയുടെയും പ്രളയത്തിന്റെയും പശ്ചാത്തലത്തിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പാക് സർക്കാർ. രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനാണ് നടപടി. ദിവസങ്ങളായി പാകിസ്ഥാനിൽ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്.

ജൂണിൽ ആരംഭിച്ച മൺസൂൺ സീസണിൽ ഇതുവരെ 343 കുട്ടികൾ ഉൾപ്പെടെ 937 പേർ മരിച്ചതായാണ് കണക്ക്. കഴിഞ്ഞ ദിവസം മാത്രം 34 മരണം റിപ്പോർട്ട് ചെയ്തു. സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 306 പേർ സിന്ധിൽ മരിച്ചു. ബലൂചിസ്ഥാൻ പ്രവിശ്യയിൽ 234 പേർക്ക് ജീവൻ നഷ്ടമായി.

ആഗസ്റ്റിൽ മാത്രം 166.8 മില്ലിമീറ്റർ മഴയാണ് പാകിസ്ഥാനിൽ ലഭിച്ചത്. ഏകദേശം 40 ദശലക്ഷത്തിലേറെ പേരെ മഴക്കെടുതികൾ ബാധിച്ചെന്നാണ് കണക്ക്. 2,20,000ത്തിലേറെ വീടുകൾ തകർന്നു. 5 ലക്ഷത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സിന്ധിൽ മാത്രം 20 ലക്ഷം ഏക്കർ കൃഷി ഭൂമി നശിച്ചു.

2010ലായിരുന്നു രാജ്യംകണ്ട ഏറ്റവും വലിയ മൺസൂൺ കെടുതി സംഭവിച്ചത്. അന്ന് 2,000ത്തിലേറെ പേർ മരിക്കുകയും പാകിസ്ഥാന്റെ അഞ്ചിലൊരു ഭാഗം വെള്ളത്തിനടിയിലാവുകയും ചെയ്തു. ഈ വർഷം ആദ്യം കടുത്ത ചൂടും ഉഷ്ണതരംഗവുമാണ് പാകിസ്ഥാൻ നേരിട്ടത്. ചില ഭാഗങ്ങളിൽ താപനില 51 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരുന്നു.