
കൊച്ചി: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തെത്തുടർന്ന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമ്മാണ കരാർ കമ്പനിയായ ഹോവെ എൻജിനിയറിംഗ് പ്രോജക്‌ട്‌സും നൽകിയ ഹർജികളിൽ മേഖലയിൽ പൊലീസ് ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജികളിൽ എതിർകക്ഷികളായ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും സമരക്കാർക്കും നോട്ടീസ് നൽകാനും ജസ്റ്റിസ് അനു ശിവരാമൻ ഉത്തരവിട്ടു. ഹർജികൾ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം കാരണം തുറമുഖ നിർമ്മാണപ്രവർത്തനങ്ങൾ നിറുത്തി വച്ചെന്നും ഇത് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ഹർജിക്കാർ വ്യക്തമാക്കി. സമരക്കാർ അക്രമങ്ങൾ നടത്തുമ്പോൾ പൊലീസ് കാഴ്‌ചക്കാരായി നിൽക്കുകയാണ്. പൊലീസിന് സംരക്ഷണം നൽകാനാവില്ലെങ്കിൽ കേന്ദ്ര സേനയുടെ സഹായം ലഭ്യമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര സേനയുടെ സഹായം ആവശ്യമില്ലെന്ന് കോടതിയിൽ സർക്കാർ വ്യക്തമാക്കി. കേന്ദ്ര ഫണ്ടു കൂടി പദ്ധതിക്ക് ചെലവിടുന്ന സാഹചര്യത്തിൽ സംരക്ഷണം നൽകാൻ കേന്ദ്ര സർക്കാരിനും ബാദ്ധ്യതയുണ്ടെന്ന് ഹർജിക്കാർ വ്യക്തമാക്കി.
തുറമുഖ നിർമ്മാണത്തിനു വേണ്ടി വീണ്ടും പാരിസ്ഥിതിക പഠനം നടത്തണമെന്ന സമരക്കാരുടെ ആവശ്യം അനാവശ്യമാണ്. മതിയായ പഠനങ്ങളെല്ലാം നടത്തിയാണ് 2015 ഡിസംബറിൽ നിർമ്മാണം തുടങ്ങിയത്. 2014ൽ പദ്ധതിക്ക് പാരിസ്ഥിതികാനുമതി ലഭിച്ചതാണെന്നും നിർമ്മാണം തടസപ്പെടുത്തുന്നതു പൊതുതാത്പര്യത്തിനു വിരുദ്ധമാണെന്നും ഹർജിക്കാർ വാദിച്ചു.