
കൊച്ചി: ദക്ഷിണേന്ത്യൻ കർഷകരുടെ ഇഷ്ടവളമായ ഫാക്ടംഫോസ് ഇനി അറിയപ്പെടുക 'ഭാരത് എൻ.പി.കെ" എന്ന പേരിൽ. കേന്ദ്രസർക്കാരിന്റെ 'വൺ നേഷൻ, വൺ ഫെർട്ടിലൈസർ" എന്ന പദ്ധതിയുടെ ഭാഗമായാണ് വളങ്ങൾ 'ഭാരത്" ബ്രാൻഡിൽ വിറ്റഴിക്കുന്നത്.
യൂറിയ, ഡി.എ.പി., എം.ഒ.പി., എൻ.പി.കെ.എസ് എന്നീ രാസവളങ്ങൾ രാജ്യത്തെ ഏത് കമ്പനികൾ നിർമ്മിച്ചാലും ഭാരത് യൂറിയ, ഭാരത് ഡി.എ.പി., ഭാരത് എം.ഒ.പി., ഭാരത് എൻ.പി.കെ എന്ന പേരിലാണ് ഒക്‌ടോബർ രണ്ടുമുതൽ പുറത്തിറക്കേണ്ടത്.
രണ്ട് ആനകൾ പരസ്പരം തുമ്പിക്കൈ ഉയർത്തി നിൽക്കുന്ന ചിഹ്നം പതിപ്പിച്ച ചാക്കുകളിൽ ഇനി പുതിയ പേര് തെളിയും. പുതിയ ലോഗോയും. നിർമ്മാണക്കമ്പനിയുടെ പേര് താഴെ എഴുതാം.
പ്രാധാനമന്ത്രി ഭാരതീയ ജനുർവരക് പരിയോജന (പി.എം- ബി.ജെ.പി) സബ്സിഡി പദ്ധതിയിലാണ് വളങ്ങളെ ഒരു ബ്രാൻഡും ഒരു ലോഗോയുമാക്കി മാറ്രുന്നത്. ഉത്തരവ് കഴിഞ്ഞ ബുധനാഴ്ച കേന്ദ്രസർക്കാർ പുറത്തിറക്കി. ഇതുപ്രകാരം സെപ്തംബർ 15ന് ശേഷം പുതിയതരം ചാക്കുകൾക്ക് മാത്രമേ വളം കമ്പനികൾക്ക് ഓർഡർ നൽകാനാകൂ.
ഫാക്‌ടിന്റെ ഫാക്ടംഫോസ്
കേന്ദ്ര പൊതുമേഖലാ വളം നിർമ്മാണശാലയായ ഫാക്ടിന്റെ ശ്രദ്ധേയ ഉത്പന്നമാണ് ഫാക്ടംഫോസ്. അമോണിയ രൂപത്തിലുള്ള നൈട്രജനും ഫോസ്ഫറസും (എൻ.പി.കെ) ചേർന്നുള്ള കോംപ്ലക്‌സ് വളം. രാജ്യത്ത് കൃഷിവിപ്ളവം നടന്ന കാലത്ത് ഫാക്ട് വളങ്ങൾ നിർണായക പങ്കുവഹിച്ചിരുന്നു. ഏത് വിളവിനും മണ്ണിലും പ്രയോഗിക്കാവുന്ന ഫാക്ടംഫോസിന്റെ പരസ്യങ്ങൾ റേഡിയോയിലും പത്രങ്ങളിലും സിനിമാ തീയേറ്ററുകളിലും നിറഞ്ഞുനിന്ന കാലമുണ്ടായിരുന്നു.