
ന്യൂഡൽഹി: അന്താരാഷ്‌ട്ര യാത്രാ ചരിത്രമില്ലാത്തവരിൽ പോലും രാജ്യത്ത് മങ്കിപോക്‌സ് രോഗം റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ പുതിയ പഠന റിപ്പോർട്ടുമായി ഐസിഎംആർ. രാജ്യതലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച അഞ്ചുപേരിൽ മൂന്ന്പേർക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ചരിത്രമുണ്ടെന്നാണ് പഠനറിപ്പോർട്ട്.
പൂനെ ദേശീയ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നടത്തിയ പഠനത്തിൽ രണ്ടുപേർക്ക് ഒരുതരത്തിലെ ലൈംഗിക ബന്ധവും ഉണ്ടായിട്ടില്ലെന്നും മൂന്നുപേർക്ക് മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സ്വാധീനമൊന്നുമില്ലാതെ തന്നെ 21 ദിവസങ്ങൾക്കകം രോഗലക്ഷണം കണ്ടുതുടങ്ങി എന്നും വ്യക്തമാകുന്നു.
ഇവരിലാരും ബൈസെക്ഷ്വലോ സ്വവർഗലൈംഗികതയുടെയോ ചരിത്രമുളളവരല്ല. ഇവർ അഞ്ചുപേരും അന്താരാഷ്‌ട്ര യാത്രാചരിത്രം ഇല്ലാത്തവരാണ്. കേസുകളെല്ലാം ചെറിയ രോഗലക്ഷണം മാത്രമുളളവരാണെന്നും വേഗം രോഗമുക്തി സാദ്ധ്യത കാണിക്കുന്നുമുണ്ട്. ആരിലും ലൈംഗികമായി പടരുന്ന രോഗങ്ങൾ കണ്ടെത്തിയില്ലെന്നും എന്നാൽ ഒരാളിൽ മഞ്ഞപ്പിത്തം കണ്ടെത്തിയതായും റിപ്പോർട്ടിലുണ്ട്.
രോഗികളിൽ മൂന്നുപേർ പുരുഷന്മാരും രണ്ടുപേർ സ്‌ത്രീകളുമാണ്. ഇവരുടെ ശരാശരി പ്രായം 31 ആണ്.ഇവരാരും മങ്കിപോക്‌സ്, വസൂരി പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തവരല്ലെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.