exoplanet

വാഷിംഗ്ടൺ : സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിൽ (എക്സോപ്ലാനറ്റ് ) ആദ്യമായി അന്തരീക്ഷത്തിൽ കാർബൺ ഡൈഓക്സൈഡ് സാന്നിദ്ധ്യത്തിന്റെ വ്യക്തമായ തെളിവ് കണ്ടെത്തി നാസ. ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പാണ് ഈ കണ്ടെത്തലിന് പിന്നിൽ. ഭൂമിയുൾപ്പെടുന്ന സൗരയൂഥത്തിന് പുറത്ത് സൂര്യന് സമാനമായ ഒരു നക്ഷത്രത്തെ ചു​റ്റുന്ന ഗ്രഹത്തെയാണ് നാം 'എക്‌സോ പ്ലാന​റ്റ് " എന്ന് പറയുന്നത്. 5,000ത്തിലധികം എക്‌സോ പ്ലാന​റ്റുകളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ, വാസ്‌പ് - 39 ബി ( WASP- 39 b ) എന്ന വാതക ഭീമൻ ഗ്രഹത്തിലാണ് ജെയിംസ് വെബ് കാർബൺ ഡൈഓക്സൈഡ് സാന്നിദ്ധ്യത്തിന്റെ തെളിവ് കണ്ടെത്തിയത്.

ഭൂമിയിൽ നിന്ന് 700 പ്രകാശ വർഷം അകലെ സൂര്യനെ പോലെയുള്ള നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന വാസ്‌പ് - 39 ബി മനുഷ്യന് വാസയോഗ്യമല്ല. ജെയിംസ് വെബിന്റെ നിയർ - ഇൻഫ്രാറെഡ് സ്പെക്ട്രോഗ്രാഫ് ഉപയോഗിച്ചാണ് ഗവേഷകർ വാസ്‌പ് - 39 ബിയുടെ അന്തരീക്ഷം നിരീക്ഷിച്ചത്. പഠനത്തിന്റെ വിശദവിവരങ്ങൾ ശാസ്ത്ര ജേർണലായ നേച്ചറിൽ പ്രസിദ്ധീകരിക്കും. കാർബൺ ഡൈഓക്സൈഡിന്റെ സവിശേഷതകളിൽ നിന്ന് ഒരു ഗ്രഹത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്താനാകുമെന്നും വരുംവർഷങ്ങളിൽ കൂടുതൽ ഗ്രഹങ്ങളിലേക്ക് ഇത് വ്യാപിക്കുമെന്നും ഗവേഷകർ വ്യക്തമാക്കി. നേരത്തെ നാസയുടെ ഹബിൾ, സ്‌പിറ്റ്‌‌സർ ടെലിസ്കോപ്പുകൾ ഈ ഗ്രഹത്തിൽ ജല ബാഷ്പം, സോഡിയം, പൊട്ടാസ്യം എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. 2011ലാണ് വാസ്‌പ് - 39 ബിയെ കണ്ടെത്തിയത്. ശനിയ്ക്ക് സമാനവും വ്യാഴത്തിന്റെ നാലിലൊന്നുമാണ് വാസ്‌പ് - 39 ബിയുടെ ഭാരം. എന്നാൽ, വ്യാഴത്തേക്കാൾ 1.3 മടങ്ങ് വ്യാസമുണ്ട് ഈ ഗ്രഹത്തിന്. മാതൃനക്ഷത്രത്തോട് വളരെ അടുത്ത് ഭ്രമണം ചെയ്യുന്നതിനാൽ നാല് ഭൗമദിനങ്ങൾ കൊണ്ടാണ് ഈ ഗ്രഹം ഒരു പരിക്രമണം പൂർത്തിയാക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ഫ്രഞ്ച് ഗയാനയിൽ നിന്ന് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഏരിയൻ 5 റോക്കറ്റിലാണ് ഹബിൾ ടെലിസ്കോപ്പിന്റെ പിൻഗാമിയായ ജെയിംസ് വെബിനെ വിക്ഷേപിച്ചത്. നിലവിൽ ഭൂമിയിൽ നിന്ന് 932,​000 മൈൽ അകലെയുള്ള ജെയിംസ് വെബ് പകർത്തിയ വിദൂര പ്രപഞ്ചത്തിന്റെ ആദ്യ ഇൻഫ്രാറെഡ് കളർച്ചിത്രങ്ങൾ ജൂലായിൽ പുറത്തുവിട്ടിരുന്നു. ഭൂമിയിൽ നിന്ന് 1,150 പ്രകാശവർഷം അകലെയുള്ള വാസ്‌പ് - 96 ബി ( WASP- 96 b ) എന്ന വാതക ഭീമൻ ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ ജല ബാഷ്പ അംശത്തിന്റെ സൂചനയുണ്ടെന്നും ജെയിംസ് വെബ് കണ്ടെത്തിയിരുന്നു. 1,300 കോടി വർഷങ്ങൾക്ക് മുമ്പുള്ള ഗാലക്സികളെയും നെബുലകളെയും വരെ ജെയിംസ് വെബിന് കാണാനാകും. ഉല്പത്തിയ്ക്ക് ശേഷം (ബിഗ് ബാംഗ് ) ഏകദേശം 1,380 കോടി വർഷങ്ങൾക്ക് മുമ്പാണ് പ്രപഞ്ചം വികസിക്കാൻ തുടങ്ങിയതെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ പ്രപഞ്ചത്തിന്റെ ഉല്പത്തിയും അന്യഗ്രഹ ജീവനും ആദിമ ഗാലക്സികളും സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ ജെയിംസ് വെബിന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.