moderna

ന്യൂയോർക്ക് : തങ്ങളുടെ എം.ആർ.എൻ.എ ടെക്നോളജി പ്ലാറ്റ്ഫോം കേന്ദ്രീകരിച്ചുള്ള പേറ്റന്റുകൾ ലംഘിച്ചെന്ന് ആരോപിച്ച് അമേരിക്കൻ-ജർമ്മൻ വാക്സിൻ നിർമ്മാതാക്കളായ ഫൈസർ - ബയോൺടെകിനെതിരെ കേസ് ഫയൽ ചെയ്ത് അമേരിക്കൻ വാക്സിൻ കമ്പനിയായ മൊഡേണ. കൊവിഡിന്റെ വരവിന് മുന്നേ, 2010നും 2016നും ഇടയിൽ മൊഡേണ ആവിഷ്കരിച്ച നൂതന എം.ആർ.എൻ.എ സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള രണ്ട് പേറ്റന്റുകൾ ഫൈസർ - ബയോൺടെക് അവരുടെ കൊവിഡ് വാക്സിനായ കൊമീർനറ്റിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചെന്നാണ് ആരോപണം.

മൊഡേണയുടെ സ്വന്തം എം.ആർ.എൻ.എ കൊവിഡ് വാക്സിനായ സ്പൈക്ക്‌വാക്സ് വികസിപ്പിക്കുന്നതിൽ നിർണ്ണായകമായിരുന്നു ഈ സാങ്കേതികവിദ്യ. കൊമീർനറ്റി വികസിപ്പിക്കാൻ ഫൈസർ - ബയോൺടെക് ഈ സാങ്കേതികവിദ്യ മൊഡേണയുടെ അറിവില്ലാതെ പകർത്തിയെന്നാണ് വിവാദം. വിഷയത്തിൽ ഫൈസർ - ബയോൺടെക് പ്രതിനിധികൾ പ്രതികരിച്ചിട്ടില്ല. അതേസമയം,​ ഫൈസർ വാക്സിൻ മാർക്കറ്റുകളിൽ നിന്ന് നീക്കാനോ ഭാവിയിലെ വില്പന തടയാനോ ലക്ഷ്യമില്ലെന്ന് മൊഡേണ പറയുന്നു. 2010ൽ തങ്ങൾ വികസിപ്പിച്ച എം.ആർ.എൻ.എ സാങ്കേതികവിദ്യയുടെ മനുഷ്യരിലുള്ള ആദ്യ പരീക്ഷണം 2015ൽ നടന്നിരുന്നെന്നും നിർമ്മാണത്തിന് കോടിക്കണക്കിന് ഡോളറുകൾ നിക്ഷേപിച്ചെന്നും മൊഡേണ വ്യക്തമാക്കി. യു.എസിലെ മസാച്യുസെറ്റ്സ് കോടതിയിലും ജർമ്മൻ കോടതിയിലുമാണ് മൊഡേണ കേസുകൾ ഫയൽ ചെയ്തിരിക്കുന്നത്.