
ടോക്യോ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മെഡലുറിപ്പിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ ഡബിൾസ് ജോഡി എന്ന നേട്ടം സ്വന്തമാക്കി സാത്വിക് സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യം സെമി ഫൈനലിൽ കടന്നു. ഇന്നലെ നടന്ന ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരും നാട്ടുകാരുമായ ജപ്പാന്റെ തകുറോ ഹോകി- യൂഗോ കൊബായഷി സഖ്യത്തെ മൂന്ന് ഗെയിം നീണ്ട പൊരിഞ്ഞ പോരാട്ടത്തിൽ കീഴടക്കിയാണ് ഇന്ത്യൻ സംഘം ചരിത്ര നേട്ടം സ്വന്തമാക്കിയത്. ലോക രണ്ടാം നമ്പർ ജോഡിയായ ജാപ്പനീസ് സഖ്യത്തിനെതിരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ആദ്യ ഗെയിം 24-22ന് ഇന്ത്യൻ സംഘം സ്വന്തമാക്കി. എന്നാൽ അടുത്ത ഗെയിം 15-21ന് നഷ്ടമാക്കിയെങ്കിലും നിർണായകമായ മൂന്നാം ഗെയിമിൽ 21-14ന്റെ വിജയം നേടി സാത്വികും ചിരാഗും സെമി ഉറപ്പിക്കുകയായിരുന്നു. മത്സരം ഒരു മണിക്കൂർ 15 മിനിട്ട് നീണ്ടു.
ഇത്തവണ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഉറപ്പിക്കുന്ന ആദ്യ മെഡലാണിത്. മികച്ച ഫോമിലുള്ള സാത്വിക ചിരാഗ് സഖ്യം കഴിഞ്ഞയിടെ നടന്ന കോമൺവെൽത്ത് ഗെയിംസിൽ പുരുഷ ഡബിൾസിൽ സ്വർണം നേടിയിരുന്നു. അതേസമയം ഡബിൾസിൽ മറ്റൊരു ഇന്ത്യൻ പ്രതീക്ഷയായിരുന്ന മലയാളി താരം എം.ആർ അർജുൻ- ധ്രുവ് കപില സഖ്യം ക്വാർട്ടറിൽ പൊരുതി വീണു.
പുരുഷ സിംഗിൾസിൽ തകർപ്പൻ കുതിപ്പ് നടത്തുകയായിരുന്ന മലയാളി താരംഎച്ച്.എസ് പ്രണോയ്ക്ക് ക്വാർട്ടറിൽ കാലിടറി. ചൈനയുടെ സാവോ ജുൻ പെങിനോട് ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമായിരുന്നു പ്രണോയ് മത്സരം കൈവിട്ടത്. ഇതിഹാസ താരം കെന്റോ മൊമോട്ടോയേയും പ്രീക്വാർട്ടറിൽ കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യൻ ഇന്ത്യൻ യുവ സെൻസേഷൻ ലക്ഷ്യ സെന്നിനേയും വീഴ്ത്തി എത്തിയ പ്രണോയ് ക്വാർട്ടറിൽ 21-19,6-21,18-21നാണ് പെങിനോട് തോറ്റത്.