moderna

വാഷിംഗ്‌ടൺ: വാക്‌സിൻ നിർമ്മാണ കമ്പനിയായ ഫൈസറിനും അവരുടെ ജർമ്മൻ പങ്കാളി ബയോഎൻ ടെക് കമ്പനിയ്‌ക്കുമെതിരെ നിയമനടപടിയ്‌ക്ക് തുടക്കം കുറിച്ച് മൊഡേണ. തങ്ങളുടെ കൊവിഡ് വാക്‌സിൻ പേറ്റന്റ് ഇരുകമ്പനികളും ലംഘിച്ചതായാണ് മൊ‌ഡേണ വ്യക്തമാക്കിയിരിക്കുന്നത്. 2010നും 2016നുമിടയിൽ മൊഡേണ സമർപ്പിച്ച പേറ്റന്റുകൾ വാക്‌സിൻ നിർമ്മാണത്തിൽ കമ്പനികൾ ഉപയോഗിച്ചെന്നാണ് അമേരിക്കൻ വാക്‌സിൻ നിർമ്മാണ കമ്പനിയായ മൊഡേണ പറയുന്നത്.

അമേരിക്കയിൽ നിന്നും ജർമ്മനിയിൽ നിന്നും സാമ്പത്തിക നഷ്‌ടം ചൂണ്ടിക്കാട്ടിയാണ് നിയമനടപടി. എന്നാൽ മൊഡേണയിൽ നിന്നും തങ്ങൾക്ക് നിയമനടപടി സൂചിപ്പിച്ച് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് ഫൈസർ പ്രതികരിച്ചു. എം‌ആർഎൻഎ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടതാണ് ഇവയിൽ ഒരു പേറ്റന്റ്. കൊവിഡ് കാലത്തിന് മുൻപ് കോടിക്കണക്കിന് ഡോളർ മുടക്കി സമ്പാദിച്ച പേറ്റന്റ് സംരക്ഷിക്കാനാണ് തങ്ങൾ നിയമനടപടിയിലേക്ക് നീങ്ങിയതെന്ന് മൊഡേണ ചീഫ് എക്‌സിക്യൂട്ടീവ് സ്‌റ്റെഫാനെ ബൻസെൽ അറിയിച്ചു.