rekha

ഹർജിക്കാരിക്ക് നിയമനം നൽകണം: ഹൈക്കോടതി

കൊച്ചി: എം.ജി സർവകലാശാലയിലെ സ്കൂൾ ഒഫ് ഗാന്ധിയൻ തോട്ട്സ് ആൻഡ് ഡെവലപ്‌മെന്റ്സ് സ്റ്റഡീസിൽ അസി. പ്രൊഫസർ തസ്തികയിലേക്ക് എഴുത്തുകാരിയും ദളിത് ആക്ടിവിസ്റ്റുമായ രേഖ രാജിനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. നിയമന നടപടികളിൽ അപാകതയുണ്ടെന്നാരോപിച്ച് റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരി കോട്ടയത്തെ നിഷ വേലപ്പൻ നായർ നൽകിയ അപ്പീൽ അനുവദിച്ചാണ് ഹൈക്കോടതി വിധി. നിഷയെ അസി. പ്രൊഫസറായി നിയമിക്കാനും ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

അസി. പ്രൊഫസർ നിയമനത്തിന് ഇന്റർവ്യൂവിന് 20 മാർക്കും മറ്റു ഘടകങ്ങൾക്ക് 80 മാർക്കും നൽകുന്ന സ്കീമാണ്. പിഎച്ച്.ഡിയുണ്ടെങ്കിൽ ആറു മാർക്ക് നൽകണമെന്ന വ്യവസ്ഥയുണ്ടെങ്കിലും തനിക്ക് ഈ മാർക്കു കിട്ടിയില്ലെന്നാണ് നിഷയുടെ പരാതി. നിഷ നേരത്തെ നൽകിയ ഹർജി,​ സർവകലാശാല സെലക്ഷൻ കമ്മിറ്റിയോടു കാര്യങ്ങൾ പശോധിക്കാൻ നിർദ്ദേശിച്ച് സിംഗിൾ ബെഞ്ച്തീർപ്പാക്കി. ഇതിനെ ചോദ്യം ചെയ്താണ് അപ്പീൽ നൽകിയത്. സിംഗിൾബെഞ്ചിന്റെ വിധിയെ ചോദ്യം ചെയ്ത് രേഖ രാജും ഹർജി നൽകിയിരുന്നു.

പിഎച്ച്. ഡിക്ക് ആറു മാർക്കിന് വ്യവസ്ഥയുണ്ടെങ്കിലും നെറ്റ് ഇല്ലാത്തതിനാൽ നൽകാനാവില്ലെന്നായിരുന്നു സർവകലാശാലയുടെ വാദം. നിയമനത്തിന് നെറ്റ് ഇല്ലെങ്കിൽ പിഎച്ച്. ഡിയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. പിഎച്ച്.ഡി ഉള്ളതുകൊണ്ട് അപേക്ഷിക്കാൻ യോഗ്യത ലഭിച്ച നിഷയ്ക്ക് ഈയിനത്തിൽ മാർക്കു നൽകാനാവില്ലെന്നും വാദിച്ചു. യു.ജി.സി വ്യവസ്ഥയനുസരിച്ച് ആറ് മാർക്കിന് നിഷയ്ക്ക് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഈ വാദം ഡിവിഷൻ ബെഞ്ച് തള്ളി.

5 മാർക്ക് കൂടുതൽ

നൽകിയതും റദ്ദാക്കി

യു.ജി.സി അംഗീകരിച്ച പ്രസിദ്ധീകരണങ്ങളിൽ പ്രബന്ധം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് രേഖാ രാജിന് അഞ്ചു മാർക്ക് കൂടുതൽ നൽകിയെന്നു വിലയിരുത്തി ഇതു കുറയ്ക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. ഇങ്ങനെ മാർക്ക് പുനഃക്രമീകരിക്കുന്നതോടെ നിഷ റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തും.