
തിരുവനന്തപുരം : ശ്രീലങ്കൻ ഫസ്റ്റ്ക്ളാസ് ക്രിക്കറ്റിൽ സെഞ്ച്വറി സ്വന്തമാക്കുന്ന ആദ്യ മലയാളി താരമായി ചരിത്രം കുറിച്ച് ചെങ്ങന്നൂർ സ്വദേശി അനുജ് ജോതിൻ.ലങ്കൻ മേജർ ലീഗ് ടൂർണമെന്റിൽ ചിലാവ് മാരിയൻസിന് വേണ്ടി നുഗേഗോഡ ക്ളബിനെതിരെയാണ് ഇന്നലെ അനുജ് പുറത്താകാതെ 102 റൺസ് നേടിയത്. 200 പന്തുകളിൽ 14 ബൗണ്ടറികളടക്കമാണ് അനുജിന്റെ അപരാജിത സെഞ്ച്വറി പിറന്നത്. ലങ്കയിലെ അനുജിന്റെ രണ്ടാമത്തെ ഫസ്റ്റ്ക്ളാസ് മത്സരമായിരുന്നു ഇത്. ആദ്യ മത്സരത്തിൽ അർദ്ധസെഞ്ച്വറി നേടിയിരുന്നു.
നേരത്തേ ലിസ്റ്റ് എ ക്രിക്കറ്റിലും ചിലാവ് മാരിയൻസിന് വേണ്ടി അനുജ് മികച്ച പ്രകടനം നടത്തിയിരുന്നു. 61 പന്തുകളിൽ അഞ്ചു ഫോറും രണ്ട് സിക്സുമടക്കം പുറത്താകാതെ 66 റൺസ് നേടിയാണ് കഴിഞ്ഞ മാസം ലിസ്റ്റ് എക്രിക്കറ്റിലെ അരങ്ങേറ്റം അടിപൊളിയാക്കിയത്. കേരളത്തിനായി വിവിധ ഏജ് ഗ്രൂപ്പുകളിൽ തിളങ്ങിയ അനുജിന്റെ പ്രകടനം കണ്ടാണ് ലങ്കൻ ടീമിൽ നിന്ന് വിളിയെത്തിയത്. അണ്ടർ- 14,16,19,23 പ്രായ വിഭാഗങ്ങളിൽ കേരള ടീം അംഗമായിരുന്ന ഈ വലം കയ്യൻ മദ്ധ്യനിര ബാറ്റ്സ്മാൻ അണ്ടർ16 ദേശീയ സ്കൂൾ ടീമിലും എം.ജി യൂണിവേഴ്സിറ്റി ടീമിലും അംഗമായിരുന്നു. ആലപ്പുഴയിലെ സ്കൈലാർക്ക് ബി ക്ളബിനായി കളിക്കുന്ന അനുജ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്ളബ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലും മാച്ച് വിന്നിംഗ് ഇന്നിംഗ്സുകൾ കാഴ്ചവച്ചിരുന്നു.
ചെങ്ങന്നൂർ പുത്തൻ തെരുവ് മുണ്ടൻകാവ് പൂവത്തൂർ ഹൗസിൽ പരേതനായ ജോതി അനിയന്റെയും ഷീബയുടെയും മകനാണ് അനുജ്.രണ്ട് സഹോദരന്മാരും ക്രിക്കറ്റ് കളിക്കാരാണ്. മുൻ കേരള രഞ്ജി ട്രോഫി താരവും ഇപ്പോൾ പോണ്ടിച്ചേരി രഞ്ജി ടീമിന്റെയും രാജസ്ഥാൻ റോയൽസ് അക്കാഡമിയുടെയും കോച്ചുമായ റെയ്ഫി വിൻസന്റ് ഗോമസാണ് അനുജിനെ ലങ്കൻ ക്രിക്കറ്റിലേക്ക് വഴിതിരിച്ചുവിട്ടത്. തിരുവനന്തപുരം ആക്കുളത്തെ ബെല്ലിൻടർഫ് അക്കാഡമിയിലാണ് പരിശീലനം നടത്തുന്നത്.