
കോട്ടയം: ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പൂട്ട് തകർത്ത് മോഷ്ടാക്കൾ 11 കുപ്പി മദ്യം കവർന്നു. മുണ്ടക്കയം പൈങ്ങനായിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റിലാണ് മോഷണം നടന്നത്. ഇവിടെ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപയിൽ ഒരു രൂപ പോലും മോഷ്ടാക്കൾ കവർന്നില്ല എന്നതാണ് കൗതുകം.
വെള്ളിയാഴ്ച രാവിലെ ഷോപ്പ് തുറക്കാനെത്തിയപ്പോഴാണ് ജീവനക്കാർ മോഷണവിവരം അറിയുന്നത്. പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാക്കളുടെ സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പണമിരുന്ന ഭാഗത്തേക്ക് മോഷ്ടാക്കൾ പോയതായുള്ള സൂചനയൊന്നും ദൃശ്യങ്ങളിലില്ല. അതിനാൽ മദ്യം എടുക്കുവാൻ വേണ്ടി മാത്രമാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നതെന്ന അനുമാനത്തിലാണ് പൊലീസ്. പൊലീസിനൊപ്പം, എക്സൈസും സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടു യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു.