
കൊച്ചി: സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥനാ ഹാളുകളും അടച്ചുപൂട്ടണമെന്ന് നിർദ്ദേശവുമായി ഹൈക്കോടതി. ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവർ ഇതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിക്കുന്നു. വാണിജ്യ ആവശ്യത്തിനായി നിർമ്മിച്ച കെട്ടിടം മുസ്ലീം ദേവാലയമാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം നൂറുൽ ഇസ്ളാമിക സാംസ്‌കാരിക സംഘം നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നിർണായകമായ ഉത്തരവുണ്ടായത്. ഹർജി കോടതി തളളി.
പുതിയ ആരാധനാലയങ്ങൾക്കുളള അപേക്ഷ പരിഗണിക്കുമ്പോൾ സമാനമായ ആരാധനാലയങ്ങൾ തമ്മിൽ അകലവും മാനദണ്ഡമാക്കണമെന്നും ഉചിതമായ അപേക്ഷയിലേ ആരാധനാലയങ്ങൾക്കും പ്രാർത്ഥനാ ഹാളുകൾക്കും അനുമതി നൽകാവൂ എന്നും കോടതി പറഞ്ഞു. കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നത് തടയാൻ സംസ്ഥാന സർക്കാർ സർക്കുലർ പുറത്തിറക്കണം. അപൂർവങ്ങളിൽ അപൂർവം കേസുകളിലേ അനുമതി നൽകാവൂ. ഇതിന് പൊലീസിന്റെയും ഇന്റലിജൻസിന്റെയും റിപ്പോർട്ടിനനുസരിച്ചാകണം തീരുമാനമെന്നും കോടതി അറിയിച്ചു.