
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്നുമുതൽ
ആദ്യ മത്സരം ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിൽ
ദുബായ്: ഏഷ്യയിലെ ക്രിക്കറ്റ് രാജാക്കാൻമാരെ കണ്ടെത്താനുള്ള ഏഷ്യാകപ്പ്  ട്വന്റി-20 ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം. ഒക്ടോബറിൽ ഓസ്ട്രേലിയയിൽ തുടങ്ങുന്ന ട്വന്റി-20 ലോകകപ്പിനു മുന്നോടിയായുള്ള ഡ്രസ് റിഹേഴ്സലെന്ന് വിലയിരുത്തപ്പെടുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ന് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും. 2018ലാണ് ഇതിനു മുമ്പ് ഏഷ്യാകപ്പ് നടന്നത്. ഏകദിന ഫോർമാറ്റിൽ നടന്ന ആ ടൂർണമെന്റിൽ ഇന്ത്യയായിരുന്നു ചാമ്പ്യൻമാർ. ശ്രീലങ്കയിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് അവിടുത്തെ രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക പ്രതിസന്ധികളും മൂലമാണ് യു.എ.ഇയിലേക്ക് മാറ്റിയത്. ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഗ്രൂപ്പ് എയിലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം നാളെയാണ്.
ശ്രീലങ്ക- അഫ്ഗാൻ
ദുബായിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 7.30 മുതലാണ് ഗ്രൂപ്പ് ബയിലെ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏഷ്യാകപ്പിലെ ഉദ്ഘാടന മത്സരം.
ദസുൻ ഷനകയുടെ നേതൃത്വത്തിലിറങ്ങുന്ന ലങ്കൻ ടീം ഓസ്ട്രേലിയയേയും പാകിസ്ഥാനേയും നാട്ടിൽ കഴിഞ്ഞിടെ നേരിട്ടിരുന്നു. ദുഷ്മന്ത ചമീരയെ പരിക്ക് മൂലം നഷ്ടമായെങ്കിലും ക്യാപ്ടൻ ഷനക, വാനിൻഡു ഹസരങ്ക, ദിനേഷ് ചാന്ദിമൽ, പതും നിസ്സാങ്ക, രാജപക്ഷെ തുടങ്ങിയവരെല്ലാം പ്രതിഭയ്ക്കൊത്ത പ്രകടനം പുറത്തെടുത്താൽ ലങ്കയ്ക്ക് മുന്നേറാം. മുഹമ്മദ് നബി നയിക്കുന്ന അഫ്ഗാൻ ടീമിന്റെ കുന്തമുന റാഷിദ് ഖാനാണ്. മുജീബ്, സദ്രാൻ, സസായ്,ഗുർബാസ്, നവീൻ ഉൾ റഹ്മാൻ എന്നിവരെല്ലാം കളിതിരിക്കാൻ കെൽപ്പുള്ളവരാണ്.