
കൊച്ചി: മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീർ, ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ച് കൊല്ലപ്പെട്ട സംഭവം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി. സഹോദരനായ മലപ്പുറം തിരൂർ സ്വദേശി അബ്ദുറഹിമാനാണ് ഹർജി നൽകിയത്. സി.ബി.ഐയ്ക്ക് നോട്ടീസ് നൽകാനും ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ നിർദ്ദേശിച്ചു. ഹർജി ഓണം അവധിക്ക് ശേഷം പരിഗണിക്കും.
ശ്രീറാം വെങ്കിട്ടരാമനും കേസിൽ രണ്ടാം പ്രതിയായ വഫ ഫിറോസും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകൾ ബഷീറിന്റെ പക്കലുണ്ടായിരുന്നെന്നും ഇത് കൈവശപ്പെടുത്താൻ ശ്രീറാം ശ്രമിച്ചെങ്കിലും ബഷീർ വഴങ്ങിയില്ലെന്നും തുടർന്ന് ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയതാണെന്നും ഹർജിയിൽ പറയുന്നു. 2019 ആഗസ്റ്റ് മൂന്നിനാണ് ബഷീർ കൊല്ലപ്പെട്ടത്.