
ലണ്ടൻ: നമുക്കെല്ലാം വളരെ സുപരിചിതമായ പച്ചക്കറി ഇനമാണ് വെള്ളരിക്ക. ധാരാളം ഔഷധ ഗുണങ്ങൾ വെള്ളരിക്കയ്ക്കുണ്ട്. അതേ സമയം, ലോകത്തെ ഏറ്റവും നീളമേറിയ വെള്ളരിക്ക ഏതാണെന്ന് അറിയാമോ.? യു.കെയിലെ ഒരു കർഷകൻ തന്റെ ഫാമിൽ വളർത്തിയെടുത്ത വെള്ളരിക്കയ്ക്കാണ് ഈ റെക്കാഡ്.
സതാംപ്ടൺ നഗരത്തിലെ സെബാസ്റ്റ്യൻ സുസ്‌കി എന്ന കർഷകനാണ് ഗിന്നസ് റെക്കാഡിൽ ഇടംനേടിയ വി.ഐ.പി വെള്ളരിക്കയുടെ ഉടമ. യു.കെയിൽ അടുത്തിടെ അതിശക്തമായ ഉഷ്ണതരംഗമുണ്ടായത് വൻതോതിൽ കൃഷിനാശത്തിന് കാരണമായിരുന്നു.
എന്നാൽ സെബാസ്റ്റ്യനാകട്ടെ ഏറെ ബുദ്ധിമുട്ടിയിട്ടാണെങ്കിലും പോളിടണലിനുള്ളിൽ വളർത്തിയിരുന്ന ചെടികളെ അമിത ചൂടിൽ നിന്ന് സംരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. 113.4 സെന്റീമീറ്ററാണ് ഗിന്നസ് വെള്ളരിക്കയുടെ നീളം. മുമ്പ് ലോകത്തെ ഏറ്റവും നീളമേറിയതെന്ന റെക്കാഡ് വഹിച്ചിരുന്ന വെള്ളരിക്കയ്ക്ക് ഇതിൽ നിന്ന് 6.2 സെന്റീമീറ്റർ കുറവുണ്ട്. ഈ വെള്ളരിക്കയുടെ വീഡിയോ ഗിന്നസ് അധികൃതർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.