potato

ബ്രസൽസ് : ബർഗറും ഫ്രഞ്ച് ഫ്രൈസും ചേർന്ന കോംബിനേഷന് ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ആരാധകർ ഏറെയാണ്. നല്ല ക്രിസ്‌പി ഫ്രൈസ് നിർമ്മിക്കാൻ ഉയർന്ന നിലവാരത്തിലുള്ള ഉരുളക്കിഴങ്ങുകളാണ് ലോകത്തെ വൻകിട കമ്പനികൾ തിരഞ്ഞെടുക്കുന്നത്.

എന്നാലിപ്പോൾ ഫ്രഞ്ച് ഫ്രൈസിന്റെ വലിപ്പവും എണ്ണവുമൊക്കെ പരമാവധി കുറയ്ക്കാനുള്ള ശ്രമങ്ങളിലാണ് യൂറോപ്യൻ റെസ്റ്റോറന്റുകൾ. മാത്രമല്ല, വില റോക്കറ്റ് പോലെ കുതിക്കുമെന്ന അവസ്ഥയിലുമാണ്. എല്ലാത്തിനും പിന്നിൽ യൂറോപ്പിനെ ഞെട്ടിച്ച ഇത്തവണത്തെ ഉഷ്ണതരംഗമാണ്.

താപനിലയിലുണ്ടായ വർദ്ധനവ് ഉരുളക്കിഴങ്ങിന്റെ വിളവെടുപ്പിനെ കാര്യമായി ബാധിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ അളവിലാണ് ഇത്തവണ ഉരുളക്കിഴങ്ങുകൾ ലഭിച്ചത്. ഫ്രൈസിന് മാത്രമല്ല, ചിപ്സ് അടക്കം ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്ന എല്ലാ ഭക്ഷ്യ പദാർത്ഥങ്ങളും വിലക്കയറ്റത്തിന്റെ പാതയിലാണ്. ചിലയിടങ്ങളിൽ ഇതിനോടകം തന്നെ വില ഉയർന്നു കഴിഞ്ഞു.

ജർമ്മനി, ഫ്രാൻസ്, നെതർലൻഡ്സ്, ബെൽജിയം എന്നീ രാജ്യങ്ങളിൽ നിന്നാണ് യൂറോപ്യൻ മാർക്കറ്റുകളിലേക്ക് ഏറ്റവും കൂടുതൽ ഉരുളക്കിഴങ്ങ് ലഭിക്കുന്നത്. കഴിഞ്ഞ 500 വർഷത്തിനിടെയിലെ ഏറ്റവും മോശമായ വരൾച്ചയിലൂടെയാണ് ഈ രാജ്യങ്ങൾ കടന്നുപോയത്. അടുത്തിടെ താപനിലയിൽ ശമനമുണ്ടായെങ്കിലും ഭൂരിഭാഗം കർഷകരും പ്രതീക്ഷ നഷ്ടപ്പെട്ട നിലയിലാണ്.

യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലുണ്ടായ എണ്ണ ക്ഷാമം യൂറോപ്പിലാകെ വിലക്കയറ്റത്തിന് കാരണമായിരുന്നു. വരൾച്ച ഭക്ഷ്യവസ്തുക്കളെ നേരിട്ട് ബാധിച്ചതോടെ വിലക്കയറ്റത്തെ എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ.