
ഇന്ത്യൻ ഫുട്ബാൾ രംഗത്തിന് പുതുജീവൻ
ന്യൂഡൽഹി: അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫയുടെ വിലക്ക് നീങ്ങിയതോടെ ഒന്നരയാഴ്ചയോളമായി പ്രതിസന്ധിയിലായിരുന്ന ഇന്ത്യൻ ഫുട്ബാൾ രംഗത്തിന് പുതുജീവൻ ലഭിച്ചിരിക്കുകയാണ്. ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) ഭരണത്തിനായി നിയമിച്ച താത്കാലിക ഭരണസമിതിയെ കഴിഞ്ഞ ദിവസം സുപ്രീം കോടതി പിരിച്ചുവിട്ടതോടെയാണ് വിലക്ക് മാറാനുള്ള വഴിയൊരുങ്ങിയത്.
 ഇതോടൊപ്പം ഫെഡറേഷന്റെ എക്സിക്യൂട്ടീവ് കൗൺസിലിലേക്കുള്ള  തിരഞ്ഞെടുപ്പിന് സുപ്രീം കോടതി പുതിയവിജ്ഞാപനം പുറപ്പെടുവിക്കുകയും സെപ്തംബർ രണ്ടിലേക്ക് തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുകയും ചെയ്തിരുന്നു. നേരത്തെ പ്രഖ്യാപിച്ചിരുന്ന തിരഞ്ഞെടുപ്പ് രീതി ഫിഫയ്ക്ക് സ്വീകാര്യമായിരുന്നില്ല. ഇതും വിലക്കിനൊരു കാരണമായിരുന്നുവെന്നാണ് വിവരം.
ആദ്യമായി ലഭിച്ച അണ്ടർ 17 വനിതാ ലോകകപ്പിന്റെ ആതിഥേയ സ്ഥാനം അവസാന നിമിഷം കൈവിട്ടു പോകുമൊ എന്നതുൾപ്പെടെയുള്ള ആശങ്കകൾക്കാണ് ഫിഫയുടെ വിലക്ക് മാറിയതോടെ അവസാനമായത്. ഫിഫയുടെ കൗൺസിൽ യോഗത്തിന് ശേഷം ഇന്നലെ ഇന്ത്യൻ സമയം രാത്രി 11മണിയോടെയാണ് വിലക്ക് മാറ്റിയ വിവരത്തിന് സ്ഥിരീകരണമായത്.
85 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് എ.ഐ.എഫ്.എഫിനെ ഫിഫ വിലക്കിയത്.
ഫിഫയുടെ വിലക്ക് വന്നതിനെത്തുടർന്ന് 24ന് സിംഗപ്പൂരിനെതിരെയും ഇന്നലെ വിയറ്റ്നാമിനെതിരെയും നടക്കേണ്ടിയിരുന്ന ഇന്ത്യൻ പുരുഷ ടീമിന്റെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ റദ്ദാക്കിയിരുന്നു. 
മലയാളി ക്ലബായ ഗോകുലത്തിന്റെ വനിതാ ടീമിനാണ് വിലക്ക് വലിയ നഷ്ടമുണ്ടാക്കിയത്. എ.എഫ്.സി. വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിനായി ഉസ്ബെക്കി സ്ഥാനിലെത്തിയ ഗോകലം വനിതകൾക്ക് വിലക്കിനെത്തുടർന്ന് ടൂർണമെന്റിൽ പങ്കെടുക്കാനാകാതെ മടങ്ങേണ്ടി വന്നു.കേരള ബ്ലാസ്റ്റേഴ്സിന്റെ യു.എ.ഇയിലെ പ്രീ സീസൺ മത്സരങ്ങളും മുടങ്ങി.
വിലക്ക് മാറിയതോടെ
അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യയിൽ നടക്കും
2026ലെ ഫിഫ ലോകകപ്പ് ക്വാളിഫയറുകളിൽ ഇന്ത്യയ്ക്ക് കളിക്കാം
ഇന്ത്യയ്ക്ക് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിക്കാം
എടികെ മോഹൻ ബഗാന് എ.എഫ്.സി പ്ലേ ഓഫ് മത്സരങ്ങൾ കളിക്കാം
ഇന്ത്യയ്ക്ക് ഒരു എ.എഫ്.സി ചാമ്പ്യൻസ് ലീഗ് സ്പോട്ടും രണ്ട് എ.എഫ്.സി കപ്പ് സ്പോട്ടും ലഭിക്കും
ഇന്ത്യൻ ക്ലബുകൾക്ക് വിദേശ താരങ്ങളെ സൈൻ ചെയ്യാം.