
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്റർ ആക്രമണം നടന്ന് രണ്ട് മാസത്തോടടുക്കുമ്പോൾ സിപിഎം ഓഫീസിന് നേരെ വീണ്ടും ആക്രമണം. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. പുലർച്ചെ രണ്ട് മണിക്കായിരുന്നു സംഭവം.
മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം കല്ലെറിയുകയായിരുന്നു എന്ന് ജീവനക്കാർ പറയുന്നു. കല്ലേറിൽ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ കാറിന്റെ ചില്ലുകൾ തകർന്നു. പിന്നിൽ ആർ എസ് എസ് പ്രവർത്തകരാണെന്ന് അദ്ദേഹം ആരോപിച്ചു. ആനാവൂർ നാഗപ്പൻ സംഭവസമയം ഓഫീസിൽ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം ശബ്ദമൊന്നും കേട്ടില്ലെന്ന് പറഞ്ഞു. ഇന്നലെ വഞ്ചിയൂരിൽ എബിവിപി ഓഫീസിന് നേരെ ആക്രമണം ഉണ്ടാവുകയും സിപിഎമ്മും ആർ എസ് എസും തമ്മിൽ സംഘർഷം നിലനിൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ് ആക്രമണമെന്നാണ് ജില്ലാ സെക്രട്ടറി വ്യക്തമാക്കുന്നത്.
സംഭവസമയം രണ്ട് പൊലീസ് ഉദ്യോഗസ്ഥരായിരുന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഇവർ അക്രമികളുടെ പുറകേ ഓടിയെങ്കിലും പിടികൂടാനായില്ല. സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണെങ്കിലും വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.