
കോഴിക്കോട്: പണം വാങ്ങി ഭാര്യയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്ത കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ. വേളം പെരുവയൽ സ്വദേശി അബ്ദുൾ ലത്തീഫാണ് (35) ബലാത്സംഗകേസിൽ അറസ്റ്റിലായത്. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം.
തൊട്ടിൽപ്പാലത്തെ ഒരു ഹോട്ടലിൽ ഭാര്യയെ ഇടപാടുകാരന്റെ അടുക്കൽ എത്തിച്ചും മറ്റൊരിക്കൽ ഇയാളെ യുവതി താമസിക്കുന്ന വാടക വീട്ടിൽ എത്തിച്ചുമായിരുന്നു പീഡനം. ഭാര്യയെ പീഡിപ്പിക്കുന്നതിനായി മറ്റൊരാളിൽ നിന്ന് പണം കൈപ്പറ്റിയെന്ന കുറ്റത്തിനാണ് അബ്ദുൾ ലത്തീഫിനെ അറസ്റ്റ് ചെയ്തത്.ഇയാളുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഓഗസ്റ്റ് പതിനാലിന് 27കാരിയെ കാണാതായതോടെയാണ് പീഡനവിവരം പുറത്തുവരുന്നത്. മാതാവിനൊപ്പം ആശുപത്രിയിൽ എത്തിയ യുവതിയെ കാണാതാവുകയായിരുന്നു. പിന്നാലെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പിറ്റേന്ന് യുവതി പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു. മരിക്കണമെന്ന ഉദ്ദേശത്തോടെ ഇറങ്ങിത്തിരിച്ചതാണെന്നും മക്കളെ ഓർത്താണ് തിരികെയെത്തിയെന്നുമായിരുന്നു യുവതി പൊലീസിന് മൊഴി നൽകിയത്. തുടർന്ന് പീഡനവിവരം യുവതി പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.