
കണ്ണൂർ: സ്വർണക്കവർച്ചാ കേസ് പ്രതി അർജുൻ ആയങ്കി അറസ്റ്റിൽ. കണ്ണൂരിലെ പെരിങ്ങോവിൽ നിന്ന് കൊണ്ടോട്ടി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാരിയറുടെ സഹായത്തോടെ സ്വർണക്കവർച്ചയ്ക്ക് ശ്രമിച്ചു എന്നതാണ് കേസ്. കേസിൽ സിപിഎം നഗരസഭാ മുൻ കൗൺസിലർ ഉൾപ്പടെ നാലുപേർ അറസ്റ്റിലായിരുന്നു. കേസിൽ ഒന്നാം പ്രതിയാണ് അർജുൻ.
മുൻ ഡി വൈ എഫ് ഐ പ്രവർത്തകനായ അർജുൻ മറ്റ് പല സ്വർണക്കവർച്ചാ കേസുകളിലും പ്രതിയാണ്. കടത്തിക്കൊണ്ടുവരുന്ന സ്വർണം കാരിയറെ സ്വാധീനിച്ചും ആക്രമിച്ചും ഭീഷണിപ്പെടുത്തിയും തട്ടിയെടുക്കുകയാണ് അർജുനും സംഘവും ചെയ്തിരുന്നത്. ഇതിനായി ടിപി വധക്കേസ് പ്രതികളായ കൊടി സുനിയുമായും ഷാഫിയുമായും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായും ബന്ധം പുലർത്തിയിരുന്നു.
കരിപ്പൂർ സ്വർണക്കടത്ത് കേസിലും മുഖ്യപ്രതിയാണ് അർജുൻ. ഇയാൾക്കെതിരെ കാപ്പ ചുമത്തിയിരുന്നെങ്കിലും പിന്നീട് റദ്ദാക്കിയിരുന്നു.കാപ്പ അഡൈ്വസറി ബോർഡിന്റേതാണ് തീരുമാനം. 2017നുശേഷം കേസുകളില്ലെന്നും മുൻ കേസുകൾ സി പി എം പ്രവർത്തകനായിരിക്കെയാണെന്നും കാണിച്ച് അർജുൻ ആയങ്കി നൽകിയ അപ്പീൽ പരിഗണിച്ചായിരുന്നു നടപടി. 2017ന് ശേഷം അർജുനെതിരെ മറ്റ് കേസുകളില്ലെന്നും കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയിൽ വരില്ലെന്നും ഗുണ്ടാ ആക്ടിന്റെ പരിധിയിൽ വരാൻ മതിയായ കാരണങ്ങളില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.