attack

കാസർകോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കോച്ചിന് കോടതി 36 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഒരുലക്ഷം രൂപ പിഴ അടയ്ക്കാനും നിർദേശമുണ്ട്. പിഴ അടച്ചില്ലെങ്കില്‍ പതിനൊന്ന് മാസം അധിക തടവ് അനുഭവിക്കണം.

2018 ഡിസംബറിലാണ് കേസിന് അടിസ്ഥാനമായിട്ടുള്ള സംഭവം നടന്നത്. സംസ്ഥാന യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരം കാണിക്കാനെന്നും പറഞ്ഞാണ് വോളിബോള്‍ കോച്ചായ പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ചെറുപുഴയിലെ ലോഡ്ജില്‍ വച്ചായിരുന്നു പീഡനം.

പരിയാരം സ്വദേശി പി.വി ബാലൻ (68) ആണ് 12 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. പ്രകൃതിവിരുദ്ധ പീഡനത്തിന് പത്ത് വര്‍ഷം കഠിനതടവും പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരം 26 വര്‍ഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും. ഹൊസ്ദുഗ് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി സി സുരേഷ് കുമാര്‍ ആണ് പ്രതിയുടെ ശിക്ഷ വിധിച്ചത്.