
ശ്രീനഗർ: നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഉറി സെക്ടറിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പാക് ഭീകരർ ഉപയോഗിച്ചിരുന്നത് ചെെനീസ് നിർമിത തോക്കുകളെന്ന് സെെന്യം. നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെയാണ് സൈന്യം വധിച്ചത്. എ.കെ സീരിസിൽപ്പെട്ട രണ്ട് തോക്കുകൾ, ചൈനീസ് എം–16 തോക്ക്, സ്ഫോടക വസ്തുക്കൾ എന്നിവയാണ് പാക് ഭീകരരിൽ നിന്നും കണ്ടെടുത്തത്.
യു.എസ് നിർമിത എം–4 റൈഫിളുകളും മറ്റും കണ്ടെത്താറുണ്ടെങ്കിലും ആദ്യമായാണ് ചൈനീസ് നിർമിത ആയുധങ്ങൾ പാക് ഭീകരരിൽ നിന്ന് കണ്ടെത്തുന്നതെന്ന് സെെന്യം വ്യക്തമാക്കി. ഇതിന് പുറമെ പാക് നിർമിത ബാഗും നാല് സിഗരറ്റ് പായ്ക്കറ്റുകളും 11 ആപ്പിളുകളും ഡ്രൈഫ്രൂട്ട്സും ഉൾപ്പെടെയുള്ളവയും സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണമുണ്ടാകുമെന്നും സെെനിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യവും ജമ്മു കാശ്മീർ പൊലീസും ചേർന്നാണ് നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ വധിച്ചത്.
ഭീകരരെ വധിച്ചതിന് പിന്നാലെ ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തി. സുരക്ഷാ സേനയോട് നിയന്ത്രണ രേഖയിൽ നിരീക്ഷണം ശക്തമാക്കാൻ അദ്ദേഹം നിർദേശം നൽകി. തീവ്രവാദം തടയാൻ പൊലീസും സേനയും യോജിച്ചു നീങ്ങണമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.