raj-kabeer

കണ്ണൂർ: തലശ്ശേരി നഗരസഭ അടച്ചുപൂട്ടിയ വ്യവസായി പുരസ്‌കാര ജേതാക്കളായ ദമ്പതികളുടെ സ്ഥാപനം തുറന്നു. നഗരസഭാ അധികൃതർ സ്ഥാപനത്തിൽ നേരിട്ടെത്തി തുറക്കുന്നതിനുള്ള ഉത്തരവ് കൈമാറി. മന്ത്രിയുടെ അടക്കം ഇടപെടൽ ഉണ്ടായതിനെത്തുടർന്നാണ് നടപടി.

ഫർണിച്ചർ ഫാക്ടറിക്ക് നഗരസഭ പൂട്ടിട്ടതോടെയാണ് ദമ്പതികളായ പാനൂർ താഴെവീട്ടിൽ രാജ്‌കബീർ (58) ഭാര്യ ശ്രീദിവ്യ (48) എന്നിവർ നാടുവിട്ടത്. ഇത് വലിയ വിവാദമായിരുന്നു. ഇവരെ കോയമ്പത്തൂരിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ പൊലീസ് നാട്ടിലെത്തിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മുതലാണ് ഇരുവരെയും കാണാതായത്. ക്രൂരമായ നടപടി താങ്ങാനാവില്ലെന്നും തങ്ങൾ പോവുകയാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ശേഷമാണ് ദമ്പതികൾ നാടുവിട്ടത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും കോയമ്പത്തൂരിലുണ്ടെന്ന സൂചന ലഭിച്ചതാണ് ഇവരെ കണ്ടെത്താൻ സഹായകമായത്.

സ്ഥലം കൈയേറിയെന്നാരോപിച്ചാണ് പത്ത് ജീവനക്കാരുള്ള ഫാക്‌ടറി നഗരസഭ പൂട്ടിച്ചത്. നാലുലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ദമ്പതികളുടെ പരാതിയിൽ തുക ഗഡുക്കളാക്കി അടയ്‌ക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവുമായെത്തിയ ദമ്പതികളെ ഉദ്യോഗസ്ഥരും നഗരസഭാ ഭരണാധികാരികളും അപമാനിച്ചുവെന്നും പരാതിയുയർന്നിരുന്നു.

സ്ഥാപനം വീണ്ടും പ്രവർത്തിപ്പിക്കുന്നതിനായി ഹൈക്കോടതി നിർദേശപ്രകാരം 41,000 രൂപയാണ് പിഴ അടക്കേണ്ടിവന്നത്. 36 ദിവസമായി അടഞ്ഞുകിടന്ന സ്ഥാപനം തുറക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് രാജ്‌കബീർ പറഞ്ഞു. നഗരസഭയുമായി സംഘർഷത്തിനില്ല. സ്ഥാപനം തുറക്കാൻ അവസരമൊരുക്കിയതിന് ഹൈക്കോടതിയോടും നഗരസഭയോടും രാജ്‌കബീർ നന്ദി രേഖപ്പെടുത്തി. സ്ഥാപനം ഇനി അടയ്ക്കുമോ എന്നതടക്കമുള്ള കാര്യങ്ങൾ പിന്നീട് സംസാരിക്കാമെന്നാണ് നഗരസഭ അധികൃതർ അറിയിച്ചതെന്നും രാജ്‌കബീർ വ്യക്തമാക്കി.