
ന്യൂഡൽഹി: ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് (യു യു ലളിത്), 64 ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ രാവിലെ പത്തരയ്ക്ക് നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.
ജസ്റ്റിസ് എൻ വി രമണ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ജസ്റ്റിസ് യു യു ലളിത് ചുതലയേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധനക്കർ, മുൻ ചീഫ് ജസ്റ്റിസ് എൻ വി രമണ, മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
#WATCH | President Droupadi Murmu administers the oath of Office of the Chief Justice of India to Justice Uday Umesh Lalit at Rashtrapati Bhavan pic.twitter.com/HqayMJDwBB
— ANI (@ANI) August 27, 2022
74 ദിവസം പദവിയിൽ തുടർന്ന ശേഷം നവംബർ 8 ന് യു യു ലളിത് വിരമിക്കും. അഭിഭാഷകനായിരിക്കെ നേരിട്ട് സുപ്രീം കോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെയാളാണ് ജസ്റ്റിസ് ലളിത്. മുൻ ചീഫ് ജസ്റ്റിസ് എസ്.എം സിക്രിയാണ് ആദ്യത്തെയാൾ.
മഹാരാഷ്ടയിൽ 1957 നവംബർ 9 ന് ജനിച്ച ജസ്റ്റിസ് ലളിത് 1983 ൽ ബോംബെ ഹൈക്കോടതിയിലാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്. 1986 ൽ സുപ്രീം കോടതിയിൽ പ്രാക്ടീസ് തുടങ്ങി. 2004 ഏപ്രിലിൽ മുതിർന്ന അഭിഭാഷകനായി. 2 ജി കേസുകളിൽ സി.ബി.ഐ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. 2014 ആഗസ്റ്റ് 13 നാണ് സുപ്രീം കോടതി ജഡ്ജിയായത്.