indulekha

തൃശൂർ: സ്വത്തിനായി അമ്മ രുക്മിണിയെ ചായയിൽ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കുന്നംകുളം കിഴൂരിലെ ഇന്ദുലേഖയെ കുരുക്കിയത് ഡോക്ടറും പൊലീസും ചോദിച്ച രണ്ട് ചോദ്യങ്ങൾ. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രുക്മണിയോട് എന്തിനാണ് വിഷം കഴിച്ചതെന്നായിരുന്നു ഡോക്ടറുടെ ചോദ്യം. എന്നാൽ താൻ വിഷം കഴിച്ചിട്ടില്ലെന്നായിരുന്നു രുക്മിണിയുടെ മറുപടി.

തുടർന്നുള്ള ചോദ്യം ഇന്ദുലേഖയോടായി. മഞ്ഞപ്പിത്തവും ഭക്ഷ്യവിഷബാധയുമാണെന്ന് സ്ഥാപിക്കാൻ ഇന്ദുലേഖ നടത്തിയ ശ്രമം വിഷാംശം കണ്ടെത്തിയതോടെ പാളി. തുടർന്ന് ആശുപത്രിയധികൃതർ പൊലീസിനെ വിവരമറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിൽ വിഷം അകത്തു ചെന്നത് സ്ഥിരീകരിച്ചു. എന്തിനാണ് ഗൂഗിളിൽ വിഷത്തെപ്പറ്റി തെരഞ്ഞതെന്ന പൊലീസിന്റെ ചോദ്യമാണ് ഇന്ദുലേഖയെ കുരുക്കിയ മറ്റൊരു ചോദ്യം. ഇന്ദുലേഖയുടെ ഫോണിലെ സേർച്ച് ഹിസ്റ്ററി തെളിവായി. ആദ്യമൊക്കെ പതറാതെ മറുപടി പറഞ്ഞിരുന്ന ഇന്ദുലേഖ ഈ ചോദ്യങ്ങൾക്ക് മുന്നിൽ വിയർത്തു. തുടർന്ന് പിടിച്ചുനിൽക്കാൻ വഴിയില്ലാതായ ഇന്ദുലേഖ കുറ്റം സമ്മതിച്ചു. വിദേശത്ത് നിന്നുമെത്തിയ ഭർത്താവിനെ കഴിഞ്ഞ 17ന് വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ശേഷമാണ് ഇന്ദുലേഖ അമ്മയ്ക്ക് വിഷം നൽകിയത്. അതിന് മുമ്പ് പനിഗുളികകൾ കറികളിൽ കലർത്തി മാതാപിതാക്കൾക്ക് കൊടുത്തിരുന്നു. ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു ലക്ഷ്യം. ആദ്യം രുക്മിണിയെയും പിന്നീട് പിതാവ് ചന്ദ്രനെയും വകവരുത്തി വീടും 14 സെന്റ് സ്ഥലവും കൈക്കലാക്കുകയും പണയപ്പെടുത്തി എട്ട് ലക്ഷത്തിന്റെ ബാദ്ധ്യത ഭർത്താവ് അറിയാതെ തീർക്കുകയുമായിരുന്നു ലക്ഷ്യം.

മാസങ്ങൾക്ക് മുമ്പേ കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. റിമാൻഡിലായ ഇന്ദുലേഖയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് വീണ്ടും ചോദ്യം ചെയ്യും. കുടുംബാംഗങ്ങൾ അറിയാതെ എട്ടു ലക്ഷത്തിന്റെ ബാദ്ധ്യത എങ്ങനെ വന്നുവെന്ന് തുടരന്വേഷണത്തിൽ വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു.