
തിരുവനന്തപുരം: സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമാധാന അന്തരീക്ഷം തകർക്കാനായുള്ള നീക്കമാണ് നടക്കുന്നതെന്നും കുറ്റവാളികളെ പിടികൂടാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
' പാർട്ടി ഓഫിസുകൾക്കും പ്രവർത്തകർക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണം. കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. പ്രകോപനങ്ങളിൽ വശംവദരാകരുതെന്ന് മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിക്കുന്നു."- മുഖ്യമന്ത്രി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയ നേതാക്കളും ഇത് തന്നെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആക്രമണത്തിന് പിന്നിൽ ബി ജെ പിയാണെന്ന് സി പി എം ആരോപിച്ചിരുന്നു.
എന്നാൽ ആക്രമണത്തിൽ ബി ജെ പിക്ക് പങ്കില്ലെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് പ്രതികരിച്ചു. സ്വർണക്കടത്ത് കേസിനെ പ്രതിരോധിക്കാൻ വേണ്ടി എ കെ ജി സെന്ററിന് നേരെ പന്നിപ്പടക്കം എറിഞ്ഞവർ തന്നെയാണ് ഇതിന് പിന്നിലെന്നും നേതൃത്വത്തിന്റെ പിടിപ്പുകേട് മറച്ചുവയ്ക്കാനാണ് സ്വന്തം പാർട്ടി ഓഫീസ് തന്നെ സി പി എം ആക്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ കാറിന്റെ ചില്ലുകൾ തകർന്നു. ജൂൺ 30 ന് രാത്രിയാണ് എ കെ ജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.