
താരങ്ങളെപ്പോലെതന്നെ അവരുടെ കുടുംബാംഗങ്ങളുടെ വിശേഷങ്ങളറിയാനും ആരാധകർക്ക് ഏറെ ഇഷ്ടമാണ്. അത്തരത്തിൽ പൃഥിരാജ് - സുപ്രിയ ദമ്പതികളുടെ മകൾ അലംകൃത (അല്ലി)യുടെ ഡയറിക്കുറിപ്പാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രപഞ്ചത്തിലെ ഏറ്റവും പ്രിയപ്പെട്ടയാളെക്കുറിച്ചാണ് കുട്ടിയുടെ കുറിപ്പ്.
പ്രപഞ്ചത്തിൽ തനിക്കേറ്റവും പ്രിയപ്പെട്ടയാൾ തന്റെ അമ്മയാണെന്നാണ് അലംകൃത കുറിപ്പിൽ പറയുന്നത്. അമ്മ തന്നെ നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോകുമെന്നും, അമ്മയ്ക്കൊപ്പം പാചകം ചെയ്യാൻ ഇഷ്ടമാണെന്നും, ഒന്നിച്ച് കളിക്കാറുണ്ടെന്നും ഒരുപാട് പുതിയ കാര്യങ്ങൾ അമ്മ പഠിപ്പിക്കാറുണ്ടെന്നുമൊക്കെയാണ് കുട്ടി കുറിച്ചിരിക്കുന്നത്. സുപ്രിയ തന്നെയാണ് കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
'മാതൃത്വം എളുപ്പമുള്ള കാര്യമല്ല. എല്ലാ അമ്മമാരെയും പോലെ മിക്ക ദിവസങ്ങളിലും ഞാൻ കുറ്റബോധവും, അല്ലി ചെയ്യുന്നത് ശരിയാണോ എന്ന സംശയവും കൊണ്ട് വലയുന്നു. മിക്ക മാതാപിതാക്കളെയും പോലെ, പല ദിവസങ്ങളിലും ഞാൻ കഷ്ടപ്പെടുന്നു. പക്ഷേ, അവളുടെ ഡയറിയിൽ ഇങ്ങനെയൊരു കുറിപ്പ് കാണുമ്പോൾ, ഞാൻ എന്തെങ്കിലും ശരിയായി ചെയ്യുന്നുണ്ടെന്ന തോന്നലുണ്ടാക്കുന്നു'- എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ അല്ലിയുടെ ഡയറിക്കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.