
ന്യൂഡൽഹി: ബഫർസോൺ വിഷയം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി കേരള കോൺഗ്രസ് എം അദ്ധ്യക്ഷൻ ജോസ് കെ മാണി. പാർട്ടി സ്വന്തം നിലയിൽ നടത്തിയ വിവരശേഖരണത്തിന്റെ വിശദാംശങ്ങളും അദ്ദേഹം പുറത്തുവിട്ടു. ബഫർസോൺ ഉത്തരവ് പുറത്തുവന്ന് മൂന്ന് മാസത്തോട് അടുക്കുന്ന സമയത്താണ് ജോസ് കെ മാണി അതൃപ്തി രേഖപ്പെടുത്തുന്നത്.
2022 ജൂൺ മൂന്നിന് പുറപ്പെടുവിച്ച വിധി പ്രകാരം വന്യജീവി സങ്കേതങ്ങളുടെയും സംരക്ഷിത വനങ്ങളുടെയും ചുറ്റും ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. മൂന്നുമാസത്തിനുള്ളിൽ പരിസ്ഥിതിലോല മേഖലയിലെ ജനവാസ മേഖലകൾ സംബന്ധിച്ച കണക്കുകൾ നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. കേരള റിമോർട്ട് സെൻസിംഗ് ഏജൻസിയുടെ സഹായത്തോടെ ഒരുപരിധിവരെ ഈ വിവരങ്ങൾ ശേഖരിച്ചതായാണ് വനംവകുപ്പ് അറിയിക്കുന്നത്. ഇതിന്റെ പ്രാഥമിക റിപ്പോർട്ട് സുപ്രീം കോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റിയ്ക്ക് നൽകിയിരുന്നു. എന്നാൽ ഇത് മതിയാകില്ലെന്നാണ് ജോസ് കെ മാണി പറയുന്നത്.
ബഫർ സോണിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നേരിട്ടെത്തി പഠനം നടത്തണം. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെടുന്നു. സ്വന്തം നിലയിൽ ആഘാതപഠനം നടത്തി ഈ വിവരങ്ങൾ എംപവേർഡ് കമ്മിറ്റിയ്ക്ക് മുമ്പാകെ അദ്ദേഹം സമർപ്പിച്ചിരിക്കുകയാണ്.