
ശരീര ഭാരം കുറയ്‌ക്കാനായി പട്ടിണി കിടക്കുന്ന നിരവധി പേരുണ്ട്. പട്ടിണി കിടന്നാൽ തടി കുറയില്ലെന്ന് ആദ്യം മനസിലാക്കുക. ഇത് പല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. പോഷകസമൃദ്ധമായ ഭക്ഷണം ആവശ്യത്തിന് മാത്രം കഴിക്കുകയാണ് ചെയ്യേണ്ടത്.
തടി കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവയിലൊന്നാണ് പിസ്ത. ദിവസവും 5-10 പിസ്ത വീതം കഴിക്കുന്നത് ശരീരത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാക്കും. ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിനുകളും ധാതുക്കളും പിസ്തയിൽ അടങ്ങിയിട്ടുണ്ട്.
ബീറ്റാ കരോട്ടിൻ, ഡയറ്റെറി ഫൈബർ, ഫോസ്ഫറസ്, പ്രോട്ടീൻ, ഫോളേറ്റ്, തയാമിൻ, കാൽസ്യം, അയേൺ, സിങ്ക്, മഗ്നീഷ്യം, കോപ്പർ, പൊട്ടാസ്യം വൈറ്റമിൻ എ, ബി6, വൈറ്റമിൻ കെ, സി, ഇ തുടങ്ങി ധാരാളം ഘടകങ്ങളാൽ സമ്പുഷ്ടമാണ് പിസ്ത.
പച്ചനിറത്തിൽ, കട്ടിയുള്ള തോടോടുകൂടിയ പിസ്തയിൽ അടങ്ങിരിക്കുന്ന പ്രോട്ടീനുകൾ കൂടുതൽ എനർജി നൽക്കുന്നു. തടി കുറയ്ക്കാൻ ഇതിലെ ഫൈബർ സഹായിക്കും. ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ളവർ പിസ്ത കഴിയ്ക്കുന്നത് വളരെ നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള ആർജിനൈൻ, വൈറ്റമിൻ ഇ എന്നിവ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
കൂടാതെ പിസ്തയിലടങ്ങിയിട്ടുള്ള വിറ്റാമിൻ ബി6 രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. പിസ്തയിൽ അടങ്ങിരിക്കുന്ന നാരുകൾ കുടലിന് നല്ലതാണ്. ദഹന പ്രശ്നങ്ങൾക്കും വളരെ മികച്ചതാണ് പിസ്ത. കൂടാതെ ഇത് കണ്ണിന്റെ ആരോഗ്യത്തിനും നല്ലതാണ്. കാഴ്ച പ്രശ്നങ്ങൾ ഉള്ളവരോട് പിസ്ത കഴിക്കാൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്.
പിസ്തയിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ് പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റുന്നതിന് സഹായിക്കും. ഇത് മൂലം ഗ്ലൂക്കോസിന്റെ അളവ് നിലനിർത്താൻ കഴിയും. പ്രമേഹത്തിന് ഇത് ഉത്തമമാണ്.