
തിരുവനന്തപുരം: പണിമുടക്കിയ ജീവനക്കാരിൽ നിന്ന് നഷ്ടം തിരിച്ചുപിടിക്കാൻ ഉത്തരവിട്ട് കെ. എസ്.ആർ.ടി.സി. സർവീസ് പുനഃക്രമീകരിച്ചതിൽ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്കരിച്ച 111 ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 9,49,510 രൂപ അഞ്ച് തുല്യ ഗഡുക്കളായി തിരിച്ചുപിടിക്കാനാണ് കോർപ്പറേഷൻ ഉത്തരവിട്ടിരിക്കുന്നത്.
തിരുവനന്തപുരത്തെ മൂന്ന് കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ ജീവനക്കാരിൽ നിന്നാണ് നഷ്ടം തിരികെപിടിക്കുന്നത്. ജൂൺ 26നാണ് ഇവർ ഡ്യൂട്ടി ബഹിഷ്‌കരിച്ചത്. പാപ്പനംകോട്, വികാസ് ഭവൻ, സിറ്റി, പേരൂർക്കട ഡിപ്പോകളിലെ ജീവനക്കാർക്കെതിരെയാണ് നടപടി, 49 ഡ്രൈവർമാരിൽ നിന്നും 69 കണ്ടക്ടർമാരിൽ നിന്നുമാണ് പണം ഈടാക്കുക. ഇത് കൂടാതെ 2021 ജൂലായ് 12ന് സ്പ്രെഡ് ഓവർ ഡ്യൂട്ടി നടത്തിപ്പിൽ പ്രതിഷേധിച്ച് പാറശാല ഡിപ്പോയിലെ 8 ജീവനക്കാർ ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടർന്ന് സർവീസ് റദ്ദാക്കിയതിനെ തുടർന്ന് നഷ്ടമായ 40277 രൂപ ഇവരിൽ നിന്ന് തുല്യമായി തിരിച്ചുപിടിക്കാനും ഉത്തരവായി.