
മിൻസ്ക് : ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള എസ്.യു - 24ന്റെ പരിഷ്കരിച്ച പതിപ്പിലെ യുദ്ധവിമാനങ്ങൾ തന്റെ രാജ്യത്തെ സൈന്യത്തിനുണ്ടെന്ന അവകാശവാദവുമായി ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോ. റഷ്യയുടെ അടുത്ത സഖ്യകക്ഷിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ സുഹൃത്തുമാണ് ലുകാഷെൻകോ. യുക്രെയിനിൽ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പ് റഷ്യൻ സൈനികർ ബെലറൂസിൽ സംയുക്ത സൈനികാഭ്യാസ പരമ്പരകളും ആയുധ വിന്യാസങ്ങളും നടത്തിയിരുന്നു.
നാറ്റോ സഖ്യകക്ഷിയും അയൽ രാജ്യവുമായ പോളണ്ടിൽ നിന്നുണ്ടായേക്കാവുന്ന പ്രകോപനം സംബന്ധിച്ച് പ്രതികരിക്കവെയാണ് ലുകാഷെൻകോയുടെ പരാമർശം. ' പ്രകോപനം സൃഷ്ടിക്കാനാണ് പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുന്നതെങ്കിൽ അവർ ഒരു കാര്യം ഓർക്കണം. ഹെലികോപ്റ്ററുകൾക്കോ വിമാനങ്ങൾക്കോ അവരെ രക്ഷിക്കാനാകില്ല. ബെലറൂസിനെ പ്രകോപിപ്പിക്കുന്നത് നല്ല ആശയമല്ല.
കാരണം, ആണവായുധങ്ങൾ ഉള്ള യൂണിയൻ സ്റ്റേറ്റിനോടുള്ള ( റഷ്യയും യുക്രെയിനും ചേർന്ന സഖ്യം ) പ്രകോപനമായിരിക്കും അതെന്ന് ഓർക്കണം. പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയാൽ പ്രതികരണം ഉടനടിയായിരിക്കും. " ലുകാഷെൻകോ പറഞ്ഞു. യുക്രെയിനിലെ സൈനിക നടപടിയിലേക്ക് റഷ്യയെ നയിച്ചത് പാശ്ചാത്യ പ്രകോപനമാണെന്ന് ലുകാഷെൻകോ നേരത്തെ ആരോപിച്ചിരുന്നു.
അതേ സമയം, എസ്.യു - 24 യുദ്ധവിമാനങ്ങൾ ബെലറൂസ് ഡീകമ്മിഷൻ ചെയ്തിരുന്നെന്നാണ് റിപ്പോർട്ട്. ഇവ വീണ്ടും സർവീസിലെടുത്തതായി ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. ബെലറൂസിന് ഇസ്കൻഡർ - എം മിസൈൽ സിസ്റ്റം കൈമാറുമെന്ന് വ്ലാഡിമിർ പുട്ടിൻ ജൂണിൽ അറിയിച്ചിരുന്നു.