
സെപ്‌തംബർ നാലിന് നടക്കുന്ന നെഹ്രു ട്രോഫി വളളംകളിയുമായി ബന്ധപ്പെട്ടും ഓണാഘോഷങ്ങളിൽ പങ്കെടുക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചിരിക്കുകയാണ്. ഇതിനെ ട്രോളിയിരിക്കുകയാണ് അഡ്വ. ജയശങ്കർ. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ജയശങ്കർ മുഖ്യമന്ത്രിയുടെ തീരുമാനത്തെ ട്രോളിയത്.
ഈ ക്ഷണം സെപ്‌തംബർ 13ലെ കേസുമായി ബന്ധമുളളതല്ലെന്നും മര്യാദകൊണ്ട് ക്ഷണിക്കുന്നെന്നെ ഉളളുവെന്നുമാണ് ജയശങ്കർ കുറിച്ചത്. കാര്യം ഇങ്ങനെയെങ്കിലും അമിത് ഷാ വരാനിടയില്ലെന്നും മുഖ്യനോടും വളളംകളിയോടും അല്ല കലിപ്പ് ട്രോഫിയുടെ പേരിനോട് ആണെന്നും അദ്ദേഹം പറയുന്നു.
അതേസമയം ക്ഷണം വിവാദമായതോടെ ഇതിന് സർക്കാർ വിശദീകരണം നൽകി. അമിത് ഷായ്‌ക്ക് മാത്രമല്ല കോവളത്ത് സതേൺ സോണൽ യോഗത്തിൽ പങ്കെടുക്കാൻ എത്തുന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാർക്കും ക്ഷണമുണ്ട്. യോഗത്തിലെത്തുന്ന എല്ലാവർക്കും വളളംകളിയിൽ ക്ഷണമുണ്ടെന്നാണ് സർക്കാർ അറിയിച്ചത്.
അഡ്വ.ജയശങ്കറിന്റെ ഫേസ്‌ബുക്ക് കുറിപ്പ് പൂർണരൂപം ചുവടെ:
ഈ ക്ഷണം, സെപ്‌തംബർ 13ലെ സുപ്രീം കോടതി കേസുമായി എന്തെങ്കിലും ബന്ധമുളളതല്ല. വെറും മര്യാദ കൊണ്ട് ക്ഷണിക്കുന്നു എന്നേയുള്ളൂ.
വിജയേട്ടന്റെ ക്ഷണം സ്വീകരിച്ച് അമിത് ഷാ വരാൻ ഒരു സാധ്യതയുമില്ല. മുഖ്യനോടല്ല, വളളംകളിയോടുമല്ല ട്രോഫിയുടെ പേരിനോടാണ് എതിർപ്പ്. ഗോഡ്‌സേ ട്രോഫിയോ സവർക്കർ ട്രോഫിയോ ആയിരുന്നെങ്കിൽ നരേന്ദ്രമോദി തന്നെ വരുമായിരുന്നു.