
ദുബായ്: ഏഷ്യാ കപ്പ് ടി20യിൽ തോൽവിയോടെ തുടങ്ങി ലങ്ക. ബാറ്റിംഗിലും ബൗളിംഗിലും തീർത്തും നിറംകെട്ടുപോയ രാജ്യത്തെ എട്ട് വിക്കറ്റിന് തകർത്ത് മിന്നും ജയവുമായി അഫ്‌ഗാനിസ്ഥാൻ. ടോസ് നേടിയ അഫ്‌ഗാൻ ആദ്യം ലങ്കയെ ബാറ്റ് ചെയ്യാനയച്ചു. മൂന്ന് താരങ്ങളൊഴികെ ആർക്കും രണ്ടക്കം കണ്ടെത്താൻ കഴിഞ്ഞതേയില്ല. ആദ്യ അഞ്ച് റൺസ് നേടുന്നതിനിടെതന്നെ മൂന്ന് ലങ്കൻ ബാറ്റർമാർ കൂടാരം കയറി.
കുശാൽ മെൻഡിസ് (2), ചരിത അസലങ്ക( ഒരു ബോളിൽ പൂജ്യം), പതും നിസങ്ക (3) എന്നിവരാണ് പുറത്തായത്. ഫസൽഹഖ് ഫറൂഖി, മുജീബ് ഉർ റഹ്‌മാൻ, മുഹമ്മദ് നബി തുടങ്ങി എല്ലാ അഫ്‌ഗാൻ ബൗളർമാരും മികച്ച പ്രകടനം പുറത്തെടുത്തു. 29 പന്തിൽ 38 റൺസ് എടുത്ത ഭാനുക രജപക്‌സെ ആണ് ലങ്കൻ നിരയിൽ തിളങ്ങിയത്. ഒപ്പം കരുണരത്നെ (31), ഗുണതിലകെ(17) എന്നിവരും പിടിച്ചുനിന്നു. 19.4 ഓവറിൽ വെറും 105 റൺസിന് ലങ്ക ഓൾഔട്ടായി.
മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്‌ഗാൻ ഓപ്പണർമാർ റഹ്‌മാനുളള ഗുർബാസ്( 18 പന്തിൽ 40), ഹസ്രത്തുളള സസായി(37 നോട്ടൗട്ട്) എന്നിവർ മികച്ച തുടക്കം തന്നെ നൽകി. സ്‌കോർ 83ൽ നിൽക്കെ ഗുർബാസ് പുറത്തായി. പിന്നാലെ എത്തിയ സദ്രാൻ 15 റൺസ് നേടി പുറത്തായി. പിന്നീട് വിക്കറ്റ് നഷ്‌ടമുണ്ടാകാതെ 11ാം ഓവറിൽ അഫ്‌ഗാൻ വിജയം നേടിയെടുത്തു.