
കൊച്ചി: എറണാകുളം നെട്ടൂരിൽ യുവാവിനെ തലയ്ക്കടിച്ചു കൊന്നു. പാലക്കാട് സ്വദേശി അജയ് കുമാർ (25) ആണ് കൊല്ലപ്പെട്ടത്. നെട്ടൂരിൽ പച്ചക്കറി മാർക്കറ്റിന് സമീപം ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം. പാലക്കാട് സ്വദേശി സുരേഷ് ആണ് കൃത്യം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സുരേഷിന്റെ ഭാര്യയുടെ സുഹൃത്താണ് അജയ്. ഈ ബന്ധമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയാണ് സുരേഷിന്റെ ഭാര്യ. യുവതിയെ കാണാനാണ് അജയ് എറണാകുളത്തെത്തി ഹോട്ടലിൽ മുറിയെടുത്തത്.
ഇരുവരും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന സംശയമുണ്ടായിരുന്ന സുരേഷും കൊച്ചിയിൽ എത്തുകയായിരുന്നു. രാത്രിയിൽ കാണണം എന്നാവശ്യപ്പെട്ട് ഭാര്യയെക്കൊണ്ട് അജയ് കുമാറിനെ സുരേഷ് വിളിപ്പിച്ചിരുന്നു.
രാത്രി യുവതിയെ കാറിലിരുത്തിയ ശേഷം സുരേഷ് അജയ് താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് പോയി. സംസാരിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമായി. തുടർന്ന് സുരേഷ് തലയ്ക്കടിക്കുകയായിരുന്നു. രക്ഷപ്പെടാനായി അജയ് പുറത്തേക്ക് ഓടിയെങ്കിലും മാർക്കറ്റ് റോഡിൽ വീണ് മരിക്കുകയായിരുന്നു.