pinarayi-vijayan

കോഴിക്കോട്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി മുഖ്യമന്ത്രി പിണറായി വിജയന് അടുത്ത ബന്ധമുണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും എം എൽ എയുമായ എം കെ മുനീർ. നെഹ്‌റു ട്രോഫി വള്ളംകളിക്ക് അമിത് ഷായെ ക്ഷണിച്ചത് രാഷ്ട്രീയ ലക്ഷ്യം മുന്നിൽക്കണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.


ലാവലിൻ കേസ് വിചാരണയും അമിത് ഷായുടെ വരവും തമ്മിൽ ബന്ധമുണ്ടെന്ന് മുനീർ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. 'അമിത് ഷായെ നേരത്തെയും മുഖ്യമന്ത്രി രാജകീയമായാണ് കൊണ്ടുവന്നത്. കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിന് മുൻപ് തന്നെ അമിത് ഷായുടെ വിമാനം ഇറക്കാൻ സൗകര്യം കൊടുത്തിട്ടുണ്ട്".- മുനീർ പറഞ്ഞു.

തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായുള്ള സി പി എം - ബി ജെ പി ബന്ധം കൂടിയാണ് ഇപ്പോഴുള്ളതെന്നും മുനീർ വ്യക്തമാക്കി. ഇതിന്റെ പ്രതിഫലനം അടുത്ത തിരഞ്ഞെടുപ്പുകളിൽ കാണാമെന്നും മലയാളികളെ ധ്രുവീകരിക്കാനുള്ള ബി ജെ പി നീക്കത്തിന് സി പി എം സഹായം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നെഹ്റു ട്രോഫി വള്ളംകളിക്ക് അമിത് ഷായെ ക്ഷണിച്ച് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി കത്തെഴുതിയത്. സി പി എമ്മും ഡൽഹിയിലെ സംഘപരിവാർ നേതൃത്വവുമായുള്ള അവിശുദ്ധ ബന്ധമാണിതെന്നാണ് യു ഡി എഫിന്റെ ആരോപണം.