
ഒറ്റപ്പെടൽ എന്നത് പലർക്കും പല വിധത്തിലുള്ള മാനസിക പ്രശ്നങ്ങളുണ്ടാക്കുന്ന ഒന്നാണ്. എന്നാൽ ഏകാന്തത ഒരു മനുഷ്യനെ പ്രണയത്തിലാക്കിയ കാര്യമാണ് ഇനി പറയാൻ പോകുന്നത്. അതും ഒരു പാവയുമായിട്ട്, ഒരു വർഷം നീണ്ട പ്രണയത്തിനൊടുവിൽ അയാൾ ഇപ്പോൾ പാവയുമായുള്ള സ്വപ്ന വിവാഹം പ്ലാൻ ചെയ്യുകയാണ്.
@montbk5959 എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് യുവാവ് ഇക്കാര്യം തന്റെ ഫോളോവേഴ്സിനോട് വെളിപ്പെടുത്തിയത്. ഒരു വർഷമായി ഇയാൾ നതാലിയ എന്ന പാവയുമായി പ്രണയത്തിലാണ്. ഒന്നാം പ്രണയ വാർഷികത്തിന്റെ ഭാഗമായി യുവാവ് പാവയുമായി ഒന്നിച്ച് നടക്കുന്നതിന്റെയും ഷോപ്പിംഗിന് പോകുന്നതിന്റെയും വീഡിയോ പങ്കുവച്ചിരുന്നു. 'എന്റെ പെൺകുട്ടിയോടൊപ്പം ഞാൻ ടിവി കാണും. എല്ലാത്തിനെ കുറിച്ചും ഞങ്ങൾ പരസ്പരം സംസാരിക്കാറുണ്ട്. അവളെ ഞാനെത്ര മാത്രം സ്നേഹിക്കുന്നു എന്ന് ആർക്കും അറിയില്ല. ഒരു വർഷമായി ഞാൻ അവൾക്കൊപ്പമാണ് കഴിയുന്നത്. ഞങ്ങൾ വിവാഹിതരാവാൻ പ്ലാൻ ചെയ്യുകയാണ്. നതാലിയ വെറുമൊരു പാവ മാത്രമല്ല' എന്നാണ് യുവാവ് പറയുന്നത്.
മറ്റൊരു വീഡിയോയിലൂടെ തന്റെ പാവ മക്കളെയും ഇയാൾ ഫോളോവേഴ്സിന് പരിചയപ്പെടുത്തിയിട്ടുണ്ട്. പാവകളെ വസ്ത്രം ധരിപ്പിക്കുക, ഹോം വർക്ക് ചെയ്യാൻ സഹായിക്കുക, അവർക്കൊപ്പം ഇരിക്കുക തുടങ്ങി ഒരു അച്ഛൻ തന്റെ കുഞ്ഞുങ്ങളെ നോക്കുന്നതുപോലെയാണ് വീഡിയോയിൽ കാണുന്നത്. നിരവധി പേരാണ് ഇയാളെ വിമർശിച്ചുകൊണ്ട് കമന്റുകളിടുന്നത്. എന്നാൽ ഈ പാവകൾ കൂടി ഇല്ലായിരുന്നെങ്കിൽ ഞാൻ ശരിക്കും തനിച്ചായിപ്പോയേനെ എന്നാണ് യുവാവ് ഇതിനോടെല്ലാം പ്രതികരിച്ചത്.