
ലക്നൗ : റെയിൽവേ സ്‌റ്റേഷനിൽ ഉറങ്ങിക്കിടന്ന അമ്മയുടെ അരികിൽ നിന്നും യുവാവ് കുട്ടിയെ മോഷ്ടിച്ചു കൊണ്ടുപോകുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ഉത്തർപ്രദേശിലെ മഥുര റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ ഉറങ്ങുകയായിരുന്ന ഏഴുമാസം പ്രായമുള്ള കുട്ടിയെയാണ് മോഷ്ടാവ് തട്ടിയെടുത്തത്. സിസിടിവി ദൃശ്യങ്ങളിൽ മോഷണം കൃത്യമായി തെളിഞ്ഞിട്ടുണ്ട്. ഈ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
ये व्यक्ति रे०स्टेशन मथुरा जं० से अपनी माँ के साथ सो रहे महज 7 माह के बच्चे को उठाकर ले गया।
— SACHIN KAUSHIK (@upcopsachin) August 27, 2022
इस व्यक्ति को पकड़वाने में मदद कीजिये।
आप सिर्फ Retweet कर इसके फ़ोटो/वीडियो को Groups में share कर दीजिये, विशेष कर कासगंज, बदायूँ और बरेली साइड में।
मुझे भरोसा है ये अवश्य पकड़ा जाएगा। pic.twitter.com/fTnuGbSlsi
സിസിടിവി ദൃശ്യങ്ങളിൽ യുവാവ് അമ്മയ്ക്കും കുഞ്ഞിനും അരികിലൂടെ നടക്കുന്നതും, ഇരുവരും ഉറക്കത്തിലാണെന്ന് മനസിലാക്കിയ ശേഷം തിരികെ എത്തി കുട്ടിയെ എടുത്തുകൊണ്ട് അകലുന്നതും കാണാം. പ്ലാറ്റ്‌ഫോമിൽ നിർത്തിയിരുന്ന ട്രെയിനിലേക്കാണ് ഇയാൾ കുഞ്ഞുമായി മറയുന്നത്. കുട്ടിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയുടെ ഫോട്ടോയും തട്ടിക്കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്, ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം നൽകാൻ പൊതുജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. മഥുരയ്‌ക്കൊപ്പം ഉത്തർപ്രദേശിലെ അലിഗഢ്, ഹത്രാസ് എന്നിവിടങ്ങളിലും റെയിൽവേ പൊലീസ് സംഘം കുട്ടിക്കായി തെരച്ചിൽ നടത്തുന്നുണ്ട്.