
കൊച്ചി: എറണാകുളം നെട്ടൂരിൽ യുവാവിനെ സുഹൃത്തായ യുവതിയുടെ ഭർത്താവ് തലയ്ക്കടിച്ചു കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മരണം ഉറപ്പാക്കുംവരെ യുവാവിനെ തല്ലിച്ചതക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. പാലക്കാട് സ്വദേശി അജയ് കുമാർ (25) ആണ് കൊല്ലപ്പെട്ടത്. പാലക്കാട് സ്വദേശിയായ സുരേഷ് ആണ് കേസിലെ പ്രതി.
ഇന്നലെ അർദ്ധരാത്രി നെട്ടൂരിൽ പച്ചക്കറി മാർക്കറ്റിന് സമീപത്തായിരുന്നു സംഭവം. സുരേഷിന്റെ ഭാര്യ എറണാകുളത്താണ് ജോലി ചെയ്യുന്നത്. യുവതി എറണാകുളത്തെ ഒരു ഹോസ്റ്റലിലാണ് താമസിക്കുന്നത്. ഇവരെ കാണാനായിട്ടാണ് അജയ് പാലക്കാട്ട് നിന്ന് എറണാകുളത്തെത്തി മുറിയെടുത്തത്.
ഭാര്യയും അജയ് കുമാറും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് പ്രതിക്ക് സംശയമുണ്ടായിരുന്നു. അജയിയെ പിന്തുടർന്ന് സുരേഷും കൊച്ചിയിലെത്തി. തുടർന്ന് രാത്രി കാണണമെന്ന് പറഞ്ഞ് ഭാര്യയെക്കൊണ്ട് അജയിനെ വിളിപ്പിക്കുകയായിരുന്നു.
ഭാര്യയെ കാറിലിരുത്തി പ്രതി ഒറ്റയ്ക്ക് യുവാവ് താമസിക്കുന്ന മുറിയിലേക്ക് പോയി, അയാളെ വിളിച്ചിറക്കി സംസാരിച്ചു. ഇതിനിടയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും, സുരേഷ് സ്‌പാനർ ഉപയോഗിച്ച് നിരവധി തവണ യുവാവിന്റെ തലയ്‌ക്കടിയ്ക്കുകയുമായിരുന്നു.
അതേസമയം, അജയ് തന്നെ കാണാനാണ് പാലാക്കാട്ടുനിന്ന് വന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. തങ്ങൾ സുഹൃത്തുക്കളായിരുന്നെന്നും തനിക്ക് തരാനുള്ള പണം തരാൻ വേണ്ടിയാണ് വന്നതെന്നുമാണ് യുവതിയുടെ പ്രതികരണം.