
സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ്. അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത്, ടി വി കാണുന്നത്, ഉറക്കക്കുറവ്, പോഷകക്കുറവ്, സ്ട്രെസ് തുടങ്ങി പല കാരണങ്ങൾ കൊണ്ടും ഈ പ്രശ്നം ഉണ്ടാകാം. കണ്ണിനു ചുറ്റുമുള്ള ചർമ്മം വളരെ നേർത്തതും ലോലവുമാണ്. മുഖത്തിന്റെ ബാക്കി ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ എണ്ണ ഗ്രന്ഥികൾ കുറവാണ്. പ്രായമാകുന്നതിനനുസരിച്ച് ചർമ്മത്തിന്റെ കൊളാജനും എലാസ്റ്റിനും നഷ്ടപ്പെടുന്നു. ഇതുവഴി കൺതടത്തിലെ ചർമ്മം വരണ്ടതാവാനും ചുളിവുകൾ വീഴാനും കാരണമാകുന്നു. എന്നാൽ ഈ പ്രശ്നത്തിനുള്ള പരിഹാരം നിങ്ങളുടെ വീടിന്റെ അടുക്കളയിൽ തന്നെയുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
ഗ്രീൻ ടീ ബാഗുകൾ
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആന്റി ഓക്സിഡന്റുകളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഉപയോഗിച്ചു കഴിഞ്ഞ ഗ്രീൻ ടീ ബാഗുകൾ 30 മിനിട്ട് ഫ്രിഡ്‌ജിൽ വച്ച് തണുപ്പിച്ച ശേഷം കണ്ണിൽ വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറുന്നതിനും വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
വെള്ളരിക്ക
വെള്ളരിക്ക വട്ടത്തിൽ അരിഞ്ഞ് കണ്ണുകളിൽ വയ്ക്കുന്നത് കറുപ്പ് മാറാൻ സഹായിക്കുന്നു. ഉപയോഗിക്കുന്നതിന് മുമ്പ് വെള്ളരിക്ക കുറച്ച് സമയം ഫ്രിഡ്‌ജിൽ വയ്ക്കുക. ഇതിലൂടെ കണ്ണിന് കുളിർമ ലഭിക്കുന്നു. കണ്ണിന് ചുറ്റുമുള്ള കറുപ്പും വീക്കവും കുറയ്ക്കാനും സഹായിക്കുന്നു.
തക്കാളി
തക്കാളിയും നാരങ്ങാനീരും ചർമ്മത്തിന് വളരെ ഗുണം ചെയ്യുന്നതാണ്. തക്കാളി നീരും നാരങ്ങാ നീരും മിക്സ് ചെയ്ത് കോട്ടൺ പാഡിൽ മുക്കി കണ്ണുകളിൽ വയ്ക്കുക. കുറച്ച് സമയത്തിന് ശേഷം കഴുകി കളയാവുന്നതാണ്. പതിവായി ഉപയോഗിക്കുന്നതിലൂടെ ഫലം കാണാൻ സാധിക്കും.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിച്ച് തിളക്കം കൂട്ടുന്നതിന് സഹായിക്കുന്നു. ഉരുളക്കിഴങ്ങ് നീരെടുത്ത് ഒരു കോട്ടൺ പാഡിൽ മുക്കി കണ്ണുകളിൽ വയ്ക്കുക. ഇത് കണ്ണിനടിയിലെ കറുപ്പ് മാറാൻ വളരെ നല്ലതാണ്.