owls-

മൂങ്ങകളെ ദുശ്ശകുനമായി കണക്കാക്കുന്നവർ ഏറെയാണ്. രാത്രഞ്ചരൻമാരായ മൂങ്ങകൾ സ്ഥിരവാസത്തിന് തെരഞ്ഞെടുക്കുന്നത് ശ്മശാനങ്ങളാണെന്നാണ് കണക്കാക്കുന്നത്. മരണവുമായി മൂങ്ങകൾക്കുള്ള ബന്ധം പഠനവിധേയമാക്കിയിരിക്കുകയാണ് പൂനെ സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര വിഭാഗത്തിലെയും കെഇഎം ഹോസ്പിറ്റലിലെയും എല ഫൗണ്ടേഷനിലെയും ഗവേഷകർ. ഇതിനായി ഇവർ വിവിധ മതക്കാരുടെ ശ്മശാനങ്ങളിൽ സന്ദർശനം നടത്തുകയും, അവിടെ മൂങ്ങകളുടെ സാന്നിദ്ധ്യമുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു.

പൂനെ ജില്ലയിലെ 57 സെമിത്തേരികളിലാണ് സംഘം പഠനം നടത്തിയത്. സർവേയിൽ മിക്ക ശ്മശാനങ്ങളിലും മൂങ്ങകൾ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്ന് ഇവർ കണ്ടെത്തി. എന്നാൽ ഇത് അന്ധവിശ്വാസങ്ങളിൽ പറയുന്നത് പോലെ മരണങ്ങളുമായി ബന്ധമുള്ളതുകൊണ്ടല്ലെന്നും പകരം അനുകൂല സാഹചര്യങ്ങൾ ഇവിടെ ഈ പക്ഷികൾക്ക് ലഭിക്കുന്നതിനാലാണെന്നും കണ്ടെത്തി.

മൂങ്ങകൾ പ്രേതങ്ങൾ സംസാരിക്കുന്നത് കേൾക്കുന്നു, മൂങ്ങകൾ മന്ത്രവാദികളാണ്, മൂങ്ങയെ കാണുകയോ കേൾക്കുകയോ ചെയ്യുന്നത് അശുഭസൂചകമാണെന്നെല്ലാം വിവിധ കെട്ടുകഥകളാണ് സമൂഹത്തിൽ പ്രചരിക്കുന്നത്. എന്നാൽ മൂങ്ങകൾ പ്രേതങ്ങളല്ലെന്ന പഠനത്തിന്റെ ഭാഗമായി ഗവേഷകർ മൂന്ന് പ്രധാന മതവിഭാഗങ്ങളിൽപ്പെട്ട ആളുകളുടേയും ശ്മശാനങ്ങളിൽ സർവേ നടത്തി. പ്രഭാതത്തിലും സന്ധ്യയിലും സെമിത്തേരികളിലും ശ്മശാനങ്ങളിലും നടത്തിയ സന്ദർശനങ്ങളിൽ മൂങ്ങകളുടെ സാന്നിദ്ധ്യം കണ്ടെത്തി. എന്നാൽ ഇതിനുള്ള കാരണമായി ഗവേഷകർ കണ്ടെത്തിയത് മിക്ക ശ്മശാനങ്ങളും കുറ്റിച്ചെടികളും, പുല്ലും കയറി കാടുപിടിച്ച അവസ്ഥയിലാണെന്നും ഇവിടെ ഇഴജന്തുക്കൾ, എലികൾ, ചെറു പക്ഷികൾ എന്നിവ താവളമാക്കിയതും കണ്ടെത്തി. ഇത് മൂങ്ങകൾക്ക് അനുകൂലമായ ആവാസ വ്യവസ്ഥ നൽകുകയും ഭക്ഷണം എളുപ്പം ലഭിക്കാൻ അവസരം ഒരുക്കുകയും ചെയ്യുന്നു. ഇതിനാലാണ് ശ്മശാനങ്ങളിൽ സന്ദർശനം നടത്തുന്നവർ മിക്കപ്പോഴും മൂങ്ങകളെ കാണാൻ കഴിയുന്നത്.