
സിനിമാരംഗത്ത് പുത്തൻ ചുവടുവയ്പ്പുമായി ആശീർവാദ് സിനിമാസ്. നിർമിക്കുന്ന ചിത്രങ്ങൾ ഇനി രാജ്യാന്തര തലത്തിൽ പ്രേക്ഷകരിലേക്കെത്തിക്കാനുള്ള തയാറെടുപ്പിലാണ് ആശീർവാദ് സിനിമാസ്.
ദുബായിൽ പുതിയ ആസ്ഥാനം തുറന്ന ആശിർവാദ് സിനിമാസ് ഗൾഫിൽ സിനിമാ വിതരണരംഗത്തേക്ക് കൂടി കടക്കുകയാണ്. വിവിധ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണിത്. യു.എ.ഇയിലെ സിനിമാ വിതരണ കമ്പനിയായ ഫാർസ് സിനിമാസുമായി ചേർന്നാകും സിനിമാവിതരണരംഗത്തെ പ്രവർത്തനം.
ആശീർവാദിന്റെ ഇതുവരെയുള്ള പ്രവർത്തനത്തിന്റെ ശക്തിയും ബുദ്ധിയും ആന്റണി പെരുമ്പാവൂരിന് അവകാശപ്പെട്ടതാണെന്ന് മോഹൻലാൽ പറഞ്ഞു. ആശീർവാദ് സിനിമാസ് ഇതുവരെ നിർമിച്ച 32 ചിത്രങ്ങളിലും അഭിനയിച്ചുവെന്നതാണ് ആശീർവാദും ആന്റണിയും താനും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
ചൈനീസും പോർച്ചുഗീസും ഉൾപ്പെടെ 20 ഭാഷകളിൽ ഡബ്ബ് ചെയ്‌തോ സബ്‌ടൈറ്റിൽ നൽകിയോ മോഹൻലാൽ സംവിധാനം ചെയ്യുന്ന 'ബറോസ്' പുറത്തിറക്കും. 'എമ്പുരാൻ' ഉൾപ്പടെയുള്ള മിക്ക ചിത്രങ്ങളും രണ്ടിലേറെ ഭാഷകളിലായിരിക്കും നിർമിക്കുക.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ബറോസിന്റെ പ്രഖ്യാപനം 2019ലായിരുന്നു നടന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രത്തിന്റെ സംവിധായകനായ ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് സിനിമയൊരുങ്ങുന്നത്.
ലൊക്കേഷൻ ചിത്രങ്ങളും വീഡിയോയും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.