
കെയ്‌റോ : പ്രണയിക്കുമ്പോൾ കാമുകിക്കായി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന യുവാക്കളുണ്ടാവും, അത്തരത്തിൽ പ്രതിശ്രുത വധുവിനെ കരയിപ്പിച്ച സ്‌കൂൾ കത്തിച്ച് ചാമ്പലാക്കിയിരിക്കുകയാണ് ഈജിപ്തിൽ ഒരു യുവാവ്. പരീക്ഷയിൽ തോറ്റതിനാൽ ഒരു വർഷം കൂടി പെൺകുട്ടിക്ക് പഠനം തുടരേണ്ടി വരുമെന്നതിനാൽ വിവാഹം വീണ്ടും നീണ്ടുപോകും എന്ന കാരണത്താലാണ് 21കാരനായ യുവാവ് സ്‌കൂൾ കത്തിക്കാൻ തീരുമാനിച്ചത്. ഈജിപ്തിലെ ഘർബിയ പ്രവിശ്യയിലാണ് സംഭവം.
സ്‌കൂളിലുണ്ടായ തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ദ നാഷണൽ ന്യൂസ് വെബ്‌സൈറ്റിലെ റിപ്പോർട്ട് പ്രകാരം യുവാവിനെ രാജ്യ തലസ്ഥാനമായ കെയ്‌റോയ്ക്ക് സമീപത്തായി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്‌കൂളിന് തീ ഇട്ടശേഷം ഒരാൾ ഓടി രക്ഷപ്പെടുന്നത് നാട്ടുകാർ കണ്ടിരുന്നു. തുടർന്ന് ഇയാളെ പിടികൂടി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.